സ്വന്തം ലേഖകൻ: സംസ്‌ഥാനത്ത് 2022 -23 വര്‍ഷത്തെക്കുള്ള പുതുക്കിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയവയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കാനും ഐ ടി പാർക്കുകളിൽ മദ്യം നൽകാൻ പ്രത്യേകം ലൈസൻസ് നൽകാനും തീരുമാനമായി. ബാർ ലൈസൻസ് അനുവദിക്കുന്നത് 3 സ്റ്റാര്‍ മുതല്‍ ക്ലാസിഫിക്കേഷന്‍ ഉള്ള ഹോട്ടലുകള്‍ക്ക് മാത്രമാകും.
കേരളത്തിന് ആവശ്യമായ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും , ബിയറും ഉൽപാദിപ്പിക്കുന്നതിനായി നിലവിലുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം കൂട്ടാനും പുതിയ യൂണിറ്റുകള്‍ തുടങ്ങാനും തീരുമാനിച്ചു. നിലവിലുള്ള നിയമം അനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് ബ്രുവറി ലൈസന്‍സ് അനുവദിക്കും.എക്‌സൈസ് വകുപ്പ് നല്‍കുന്ന എല്ലാ സേവനങ്ങളും 2022 ഏപ്രില്‍ 1 മുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. മദ്യം ലഭ്യമല്ലാത്ത സാഹചര്യം വിനോദ സഞ്ചാര മേഖലക്ക് ഗുണം ചെയ്യുകയുമില്ല.അത് പരിഹരിക്കാൻ നടിപടിയെടുക്കും.
ഐ ടി പാര്‍ക്കുകളിൽ ഇതിനായി നീക്കിവയ്ക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകളോടെ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും. കള്ള് ചെത്ത് വ്യവസായം സംസ്ഥാനത്തെ പരമ്പരാഗത വ്യവസായമാണ്. സര്‍ക്കാര്‍ കള്ള് ചെത്ത് വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറച്ചുകൊണ്ടുവരുന്നതിന് മദ്യവര്‍ജ്ജനത്തിലൂന്നിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. മദ്യാസക്തിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും അനുവദിച്ചിട്ടുണ്ട്. അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുന്നതോടൊപ്പം തന്നെ ജനങ്ങളെ ബോധവല്‍ക്കരിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഇല്ലാതാക്കുക എന്ന ദ്വിമുഖ പ്രവര്‍ത്തനമാണ് എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്നത്.
സംസ്ഥാനത്ത് മദ്യവര്‍ജനത്തിന് മുന്‍തൂക്കം നല്‍കി വര്‍ദ്ധിച്ച ജനപങ്കാളിത്തത്തോടെ വിപുലമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിമുക്തി മിഷന്‍ വഴി നടപ്പിലാക്കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്‌കൂള്‍/കോളേജ് തലങ്ങളില്‍ ‘ലഹരിവിരുദ്ധ ക്ലബ്ബുകള്‍’ രൂപീകരിച്ചിട്ടുള്ളതാണ്.
ലഹരി ഉപയോഗത്തില്‍ നിന്ന് മോചിതരായവരെ പുനരധിവസിപ്പിക്കുന്നതിന് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കും.പ്രൊഫഷണല്‍ കോളേജുകളിലെ ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ആരംഭിച്ച ”നേര്‍ക്കൂട്ടം”, ഹോസ്റ്റലുകളില്‍ ആരംഭിച്ച ”ശ്രദ്ധ” എന്നീ സമിതികള്‍, ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കും. വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കാന്‍ തയ്യാറാകുന്ന കമ്പനികളില്‍ നിന്ന് ആയത് ലഭ്യമാക്കി വിമുക്തി മിഷന്റെ പ്രവര്‍ത്തനം കുടുതല്‍ വിപുലമാക്കും.
എഫ്.എല്‍ 1 ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കും. കൂടുതല്‍ എഫ്.എല്‍1 ഷോപ്പുകള്‍ walk in facility സംവിധാനത്തോടെ നവീകരിക്കും. എഫ്.എല്‍1 ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്, കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ പൂട്ടിപോയതുമായ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളായി പുനരാരംഭിക്കും. കെ.എസ്.ബി.സി വിദേശമദ്യ ചില്ലറവില്പനശാലകളില്‍ സമഗ്രമായ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കാനും തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല