സ്വന്തം ലേഖകന്‍: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എട്ടു കോടി അടിച്ച ടിക്കറ്റ് കായംകുളം സ്വദേശി കത്തിച്ചതായി സംശയം. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് കത്തിപ്പോയി എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇതുവരെ ആരും ഒന്നാം സമ്മാനത്തിന്റെ അവകാശമുന്നയിച്ച് എത്തിയിട്ടില്ല. ഇതോടെ എട്ടു കോടിയും സര്‍ക്കാരിനു ലഭിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.
സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് എടുത്ത കായംകുളം സ്വദേശിയായ വിശാലാണ് ടിക്കറ്റ് അബദ്ധത്തില്‍ കത്തിച്ചതായി വെളിപ്പെടുത്തിയത്. എന്നാല്‍ തന്റെ ടിക്കറ്റിനാണോ സമ്മാനമെന്ന കാര്യത്തില്‍ വിശാലിനും ഉറപ്പില്ല. തൃശൂരിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഏജന്‍സിയുടെ സബ് ഏജന്റായ സന്തോഷ് വിറ്റ ടിക്കറ്റിനാണ് ഓണം ബംബര്‍ അടിച്ചത്.
ദേശീയപാത മണ്ണുത്തിവടക്കഞ്ചേരി റോഡില്‍ കുതിരാന്‍ക്ഷേത്രത്തിനു മുന്നിലാണു സന്തോഷ് ലോട്ടറി കച്ചവടം നടത്തുന്നത്. എന്നാല്‍ ആര്‍ക്കാണ് വിറ്റതെന്ന് സന്തോഷിന് ഓര്‍മയില്ല. ദേശീയപാതയിലൂടെ പോകുന്ന യാത്രക്കാരാണ് ടിക്കറ്റ് വാങ്ങിയതെന്നു സന്തോഷ് പറയുന്നു.
സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വാങ്ങിയെന്നു കരുതുന്ന കായംകുളം കൊയ്പ്പള്ളി കാരായ്മ ശരണ്യഭവനില്‍ വിശാല്‍ ടിക്കറ്റ് വാങ്ങിയത് കുതിരാനില്‍ നിന്നാണ്. വാങ്ങിയതു സന്തോഷില്‍നിന്നാണെന്നു വിശാല്‍ പറയുന്നു. ഓഗസ്റ്റ് 19ന് സുഹൃത്ത് അവിനാശിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കൂട്ടുകാരുമൊത്ത് സ്വന്തം കാറില്‍ തൃശൂരിലെത്തിയത്.
കുതിരാന്‍ ക്ഷേത്രത്തിന് മുന്നില്‍ പഴം വാങ്ങാന്‍ നിര്‍ത്തിയപ്പോള്‍ സന്തോഷില്‍നിന്ന് ടിക്കറ്റ് വാങ്ങി. അതിനിടെ ടി.സി എന്ന സീരിയല്‍ നമ്പര്‍ കണ്ട് തൃശൂരായതു കൊണ്ടാണോ ടി.സി വന്നതെന്ന് സന്തോഷിനോട് ചോദിക്കുകയും ചെയ്തുവെന്ന് വിശാല്‍ പറയുന്നു. തൃശൂര്‍ ഭാഗത്തെ ടിക്കറ്റുകള്‍ക്കാണ് ഭാഗ്യം കടാക്ഷിക്കുന്നതെന്ന് സന്തോഷ് മറുപടിയും നല്‍കി.
തിരിച്ചു വീട്ടിലെത്തിയപ്പോള്‍ മകന്‍ ടിക്കറ്റ് നശിപ്പിക്കാതിരിക്കാന്‍ പഴയ ലാവ മൊബൈല്‍ ഫോണിന്റെ കവറില്‍ ഒളിപ്പിക്കുകയായിരുന്നു. ഓണത്തോടനുബന്ധിച്ച് വീടു വൃത്തിയാക്കുമ്പോള്‍ വിശാല്‍ വീട്ടിലുണ്ടായിരുന്നില്ല. പഴയ ഫോണ്‍ കവര്‍ ചവറ്റുകുട്ടയില്‍ വീണു. അത് തീയിടുകയും ചെയ്തു. അതിനുള്ളില്‍ ടിക്കറ്റ് കരിഞ്ഞുപോയിരിക്കാം എന്നാണ് ഇപ്പോഴുള്ള ആശങ്ക.
സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ സന്തോഷിനെ കഴിഞ്ഞ ദിവസം ടിവിയില്‍ കണ്ടപ്പോഴാണ് വിശാല്‍ ലോട്ടറിയുടെ കാര്യം ഓര്‍ത്തത്. പിന്നെ തെരച്ചിലായി. ഫോണ്‍ കവറില്‍ ടിക്കറ്റ് സൂക്ഷിച്ച കാര്യം അപ്പോഴാണ് ഓര്‍ത്തത്. ദുബായില്‍ നിന്ന് ആറ് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യ സോജ ദുബായില്‍ നഴ്‌സാണ്.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍ ലോട്ടറി എജന്‍സിയിലെ ജീവനക്കാരും ഫോണ്‍ വിളിക്കു മറുപടി പറഞ്ഞ് തോറ്റ അവസ്ഥയിലാണ്. സമ്മാനാര്‍ഹമായ ടിക്കറ്റുമായി ആരും എത്തുന്നില്ലെങ്കില്‍ കോടികള്‍ സര്‍ക്കാരിലേക്ക് ചേരും. കൂടിയാല്‍ രണ്ടുമാസം വരെ വകുപ്പ് കാത്തിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല