1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2024

സ്വന്തം ലേഖകൻ: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന പതിനാലുകാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജില്‍ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യുവിലേക്ക് മാറ്റിയത്.

ഇന്ന് രാവിലെ 10.50-ന് ഹൃദയാഘാതമുണ്ടാകുകയും രക്തസമ്മര്‍ദ്ദം താഴുകയുമായിരുന്നു. ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി. തുടര്‍ന്നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലുമാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്.

11 ദിവസങ്ങള്‍ക്ക്‌ മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെനിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ മിംസ്‌ ആശുപത്രിയിലേക്ക് മാറ്റിയത്. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തും നിരീക്ഷണത്തിലാണ്.

2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ അഞ്ച് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടര്‍ന്ന് 17 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ല്‍ പന്ത്രണ്ടുകാരനും 2023-ല്‍ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതോടെ കേരളത്തില്‍ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.

മലപ്പുറം ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്ത് പൊതു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ ഉത്തരവ്. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പില്‍ അതേ സമയത്തുണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് കളക്ടര്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.