സ്വന്തം ലേഖകൻ: അഞ്ചുലക്ഷം അതിഥിത്തൊഴിലാളികൾ സംസ്ഥാനത്തുണ്ടെന്നാണ് സർക്കാരിന്റെ ഔദ്യോഗികരേഖകൾ. എന്നാൽ, 31 ലക്ഷത്തോളം പേരുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇക്കാര്യം സർക്കാരും നിഷേധിക്കുന്നില്ല. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും ഈ മേഖലയിലെ സന്നദ്ധസംഘടനകളും നടത്തിയ വിവരശേഖരണത്തിലാണ് ഇതര സംസ്ഥാനത്തൊഴിലാളികളുടെ എണ്ണം സർക്കാർ കണക്കിനെക്കാൾ ആറിരട്ടിയാണെന്ന്് തെളിഞ്ഞത്.
2021 ഡിസംബറിൽ കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികൾ പോലീസിനെ ആക്രമിച്ചതിനുപിന്നാലെ ഇവരുടെ രജിസ്ട്രേഷൻ അടക്കമുള്ള നടപടികൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇടനിലക്കാർക്ക് രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കിയിരുന്നു. എന്നാൽ, ആലുവയിലെ കൊലപാതകം ഉൾപ്പെടെ ആവർത്തിക്കുന്ന ആക്രമണങ്ങൾ നടപടികൾ ഫലപ്രദമല്ലെന്നതിന്റെ തെളിവാണ്.
ജോലി തേടിയെത്തുന്നവരുടെ വിവരങ്ങളും തിരിച്ചറിയൽ രേഖകളും പരിശോധിച്ച് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഉറപ്പുവരുത്താതെ ജോലി നൽകുന്ന രീതിയാണ് നിലവിലുള്ളത്. ബയോമെട്രിക്, ആധാർ വിവരങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനമൊരുക്കുകയും അത് നിർബന്ധമാക്കുകയും അല്ലാത്തവരെ ജോലിക്ക് നിയോഗിക്കുന്നവർക്ക് പിഴചുമത്തുകയും ചെയ്താൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനാകും.
ജോലി തേടിയെത്തുന്നവർക്ക് ചികിത്സാസൗകര്യവും ക്ഷേമനിധിയും ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. എന്നാൽ, ന്യൂനപക്ഷംമാത്രമാണ് ഇവ പ്രയോജനപ്പെടുത്തുന്നത്. മിതമായ നിരക്കിൽ നിലവാരമുള്ള, ശുചിത്വമുള്ള, സുരക്ഷിത വാസസ്ഥലങ്ങൾ നൽകുന്നതാണ് അപ്നാ ഘർ പദ്ധതി. അടുക്കളകൾ, കുളിമുറി, ശൗചാലയങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഹോസ്റ്റലുകളിൽ മലിനജല ശുദ്ധീകരണ പ്ലാന്റ്, മഴവെള്ള സംഭരണി, ജനറേറ്റർ, നിരീക്ഷണ ക്യാമറകൾ എന്നിവയുണ്ടാകും. പാലക്കാടും കിനാലൂരിലും ഇത്തരം ഹോസ്റ്റലുകളുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് ആലയ്. തൊഴിലാളികൾക്ക് വീടുകൾ നൽകാൻ തയ്യാറുള്ള ഉടമകൾ തൊഴിൽവകുപ്പിൽ രജിസ്റ്റർ ചെയ്യണം. 2022 ഒക്ടോബർവരെ 493 കെട്ടിടങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യക്തിക്ക് 25,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസും രണ്ടുലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസും ലഭിക്കും. 5,16,320 അതിഥിത്തൊഴിലാളികൾ രജിസ്ട്രേഷൻ കാർഡ് എടുത്തിട്ടുണ്ട്. 2022 ഒക്ടോബർവരെ 374 പേർക്ക് ചികിത്സാ ആനുകൂല്യങ്ങളും 29 തൊഴിലാളികളുടെ ആശ്രിതർക്ക് അപകടമരണ സഹായവും നൽകി.
ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനാണ് ഗസ്റ്റ് ആപ്പ്. പദ്ധതിയിൽ അംഗമായാൽ മരണാനന്തര ആനുകൂല്യം, ഭൗതികശരീരം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള സഹായധനം, പ്രസവാനുകൂല്യങ്ങൾ, വിദ്യാഭ്യാസാനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കും.
അതേസമയം അതിഥി തൊഴിലാളികളുടെ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന നിയമം കേരളത്തിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിൽ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം1979-നെ ആണ് ഇക്കാര്യത്തിൽ ആശ്രയിക്കുന്നത്.
“സംസ്ഥാനത്ത് എത്തുന്ന ഏതൊരു അതിഥി തൊഴിലാളിയും രജിസ്റ്റർ ചെയ്യപ്പെടണം. അതിനു ആവശ്യമായ സംവിധാനം തൊഴിൽ വകുപ്പ് ഒരുക്കും. ആവാസ് ഇൻഷൂറൻസ് കാർഡ് അതിഥി തൊഴിലാളികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 5 ലക്ഷത്തിൽ പരം അതിഥി തൊഴിലാളികൾ ഇതിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളെ കണ്ടെത്തി റജിസ്റ്റർ ചെയ്യിക്കാനുള്ള നടപടികൾ തൊഴിൽ വകുപ്പ് കൈക്കൊള്ളും,” മന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല