1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2022

സ്വന്തം ലേഖകൻ: ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ തലസ്ഥാനത്ത് നിര്‍ണായക നീക്കങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി.സെന്ററിലെത്തി. എജി അടക്കമുള്ളവരുമായി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തി.

പലതലങ്ങളിലായി ഈ വിഷയത്തില്‍ രാജി ഒഴിവാക്കാന്‍ കഴിയുമോ എന്നതും പരാമര്‍ശം ഉന്നയിച്ച് ആരെങ്കിലും കോടതിയിലെത്തിയാല്‍ അവിടെ നിന്ന് തിരിച്ചടിയോ പരാമര്‍ശമോ ഉണ്ടാകുമോ എന്നതും സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. ഇതേക്കുറിച്ചാണ് നിയമോപദേശം തേടിയത്‌.

എകെജി സെന്ററില്‍ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തിലേക്ക് ആദ്യം എത്താതിരുന്ന സജി ചെറിയാനെ പിന്നീട് നേതാക്കള്‍ വിളിച്ച് വരുത്തയതായാണ് വിവരം.. മന്ത്രിയുടെ പരാമര്‍ശത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുള്ളതായും റിപ്പോര്‍ട്ടുണ്ട്.

സജി ചെറിയാനെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്ന് എട്ട് മിനിറ്റ് മാത്രമാണ് നിയമസഭ ചേരാനായത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് അറിയിക്കുകയായിരന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറെ കണ്ടു.

ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിവെച്ചതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമര്‍ശം ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സാംസ്‌കാരികവകുപ്പ് മന്ത്രി സജിചെറിയാന്‍ നടത്തിയത്. പ്രസംഗത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി ഖേദപ്രകടനം നടത്തിയിരുന്നു. മാതൃഭൂമി ഡോട്ട് കോം ഈ പ്രസംഗവും പരാമര്‍ശവും റിപ്പോര്‍ട്ട് ചെയ്തതോടെ മന്ത്രിക്കെതിരെ പ്രതിപക്ഷവും ഭരണഘടനാവിദഗ്ധരും രംഗത്തെത്തി

സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ നടപടി വീക്ഷിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗദ്ധരും ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് സിപിഎം തിരിക്കിട്ട കൂടിയാലോചനകള്‍ നടത്തിവരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.