സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങി രണ്ടരമാസം പിന്നിടുമ്പോഴും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 15 വരെ ലഭിക്കേണ്ടിയിരുന്നത് 1556 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍, ലഭിച്ചതാകട്ടെ 877.1 മില്ലിമീറ്റര്‍ മഴമാത്രം. 44 ശതമാനം കുറവ്.
ജൂണില്‍ 60 ശതമാനം കുറവുരേഖപ്പെടുത്തിയപ്പോള്‍ ജൂലായില്‍ സ്ഥിതി മെച്ചപ്പെട്ടു. ഒന്‍പത് ശതമാനം കുറവു മാത്രമാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലേക്കെത്തുമ്പോള്‍ സ്ഥിതി വീണ്ടും രൂക്ഷമാകുകയാണ്. ഒന്നുമുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ 254.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 25.1 മില്ലിമീറ്റര്‍ മാത്രമാണ്. 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞവര്‍ഷങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമായത് ഓഗസ്റ്റ് ആദ്യ വാരത്തിലായിരുന്നു. നിലവില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അങ്ങനെ പോയാല്‍ വരുംമാസങ്ങളില്‍ സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.
സെപ്റ്റംബറിൽ കേരളത്തിൽ പതിവിലും കൂടുതൽ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനം. കിഴക്കൻ ചൈനക്കടലിൽ രൂപപ്പെട്ട ഏതാനും ടൈഫൂണുകൾ(പ്രാദേശികമായി രൂപപ്പെടുന്ന ചക്രവാതം) ചൈനയുടെ ഭാഗത്തേക്കു പോയതൊഴിച്ചാൽ ഇന്ത്യയിലെ മൺസൂണിനെ സ്വാധീനിക്കുന്ന തരത്തിലുള്ള അന്തരീക്ഷമാറ്റം ഉണ്ടായിട്ടില്ല. സെപ്റ്റംബറിൽ പസഫിക് സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ഉണ്ടാകുന്ന മാറ്റം രണ്ടാംവാരത്തിൽ കേരളത്തിൽ വീണ്ടും മഴ നൽകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം കുറഞ്ഞ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് കൂടുമോ എന്നതില്‍ ഇന്ന് തീരുമാനമാകും. കാലവര്‍ഷം തുടങ്ങി രണ്ടരമാസം പിന്നിടുമ്പോഴും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 15 വരെ 1556 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നതെങ്കില്‍ ലഭിച്ചത് 877.1 മില്ലിമീറ്റര്‍ മഴമാത്രമാണ്.
മഴ കുറഞ്ഞതും ഡാമുകളില്‍ വെള്ളം കുറഞ്ഞ പശ്ചാത്തലത്തിലും വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകീട്ട് നാലുമണിക്കാണ് യോഗം. ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ, കടുത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ ശേഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 81 ശതമാനം വെള്ളമുണ്ടായിരുന്നു.
പ്രതിദിന ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി കമ്മി നികത്താന്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തു നിന്നും വാങ്ങുന്നത്. ഇപ്പോള്‍ പ്രതിദിനം 63 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.
ഓണം അടുക്കുന്നതോടെ ഉപഭോഗം കൂടും. അതോടെ കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. കൂടിയ വിലയ്ക്ക് വാങ്ങേണ്ടതിനാല്‍ പ്രതിദിനം 15 കോടി രൂപയ്ക്കടുത്ത് ചിലവ് വരുമെന്നാണ് വിലയിരുത്തല്‍. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സര്‍ചാര്‍ജ് കൊണ്ടുവരാനാണ് ആലോചന. അധിക വൈദ്യുതി വാങ്ങുന്നത് അടക്കം വിഷയങ്ങളില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല