സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ വ്യാപകനാശനഷ്ടം. കനത്തമഴയില്‍ പലയിടങ്ങളിലും വീടുകളും ആരാധനാലയങ്ങളും തകര്‍ന്നു. കോഴിക്കോട് പള്ളിക്കണ്ടി മഹാകാളി ക്ഷേത്രത്തിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ. പള്ളി തകര്‍ന്നുവീണു. ഏകദേശം 135 കൊല്ലം പഴക്കമുള്ള പള്ളിയാണ് കനത്തമഴയെ തുടര്‍ന്ന് തകര്‍ന്ന് വീണത്. എറണാകുളം നായരമ്പലം, വെളിയത്താന്‍പറമ്പ് മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്.
നദികളിലും അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. ഇടുക്കിയിലെ കല്ലാര്‍കുട്ടി ഡാം തുറന്നു. കേരളത്തില്‍ അടുത്ത രണ്ടുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായയോ ആയ മഴയ്ക്കും സാധ്യതയുണ്ട്. തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില് തകര്‍ന്നു. ഒന്‍പതാം ബ്ലോക്കിന്റെ സമീപത്തെ മതിലാണ് 30 മീറ്റര്‍ നീളത്തില്‍ തകര്‍ന്നത്.
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം.കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്കൊപ്പം മഴക്കെടുതികളും വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കണ്ട്രോള് റൂമുകള്‍ തുറന്നു.
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരത്ത് 05.07.2023 രാത്രി 11.30 വരെ 3.5 മുതല്‍ 3.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരത്ത് 05.07.2023 രാത്രി 11.30 വരെ 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയും നിലനില്ക്കുന്നു.
മഴ കനക്കുന്ന സാഹചര്യത്തിൽ നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകി. മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയർ സ്റ്റേഷനുകൾ, പമ്പ നദിയിലെ മടമൺ സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ തുംപമൺ സ്റ്റേഷൻ, മീനച്ചിൽ നദിയിലെ കിടങ്ങൂർ സ്റ്റേഷൻ എന്നിവിടങ്ങളിലെ ജലനിരപ്പ് അപകട നിലയേക്കാൾ കൂടുതൽ ഉയർന്നു. ഇവിടങ്ങളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല