സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. മഴ കുറഞ്ഞതും വൈദ്യുതി ഉപഭോഗം കൂടിയതുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്. കടുത്ത നിയന്ത്രണങ്ങളും വൈദ്യുതി നിരക്ക് വർദ്ധനയും വേണ്ടി വന്നേക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ലോഡ് ഷെഡിങ് അടക്കമുള്ള കാര്യങ്ങളിൽ 21ന് ചേരുന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമുണ്ടാകും.
നഷ്ടം നികത്താൻ സർചാർജും പരിഗണനയിലുണ്ട്. നിലവിൽ 30 ശതമാനമാണ് വൈദ്യുതി ഉൽപാദനം. ‘‘ഡാമുകളിൽ വെള്ളം തീരെ കുറവാണ്. മഴ ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ല. നിലവിൽ കൂടുതൽ വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണുള്ളത്. നിരക്ക് വർധനവ് അടക്കമുള്ള കാര്യങ്ങളിൽ റെഗുലേറ്ററി കമ്മിഷനാണ് തീരുമാനമെടുക്കേണ്ടത്’’– മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നത് പ്രതിദിനം 10 കോടിയിൽ നിന്നു 15 കോടിയാവുമെന്നു വ്യക്തമായതോടെ ജല വൈദ്യുതിയുടെ ഉൽപാദനം കൂട്ടിയിട്ടുണ്ട്. സെപ്‌റ്റംബറിൽ മഴ ലഭിക്കുമെന്ന വിശ്വസിച്ചാണ് ഉൽപാദനം കൂട്ടുന്നത്.
കാലവര്‍ഷം തുടങ്ങി രണ്ടരമാസം പിന്നിടുമ്പോഴും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 15 വരെ 1556 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നതെങ്കില്‍ ലഭിച്ചത് 877.1 മില്ലിമീറ്റര്‍ മഴ മാത്രമാണ്. ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ, കടുത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ ശേഷിക്കുന്നത്.
പ്രതിദിന ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി കമ്മി നികത്താന്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം. ഇപ്പോള്‍ പ്രതിദിനം 63 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഓണം അടുക്കുന്നതോടെ ഉപഭോഗം കൂടും. അതോടെ കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. കൂടിയ വിലയ്ക്ക് വാങ്ങേണ്ടതിനാല്‍ പ്രതിദിനം 15 കോടി രൂപയ്ക്കടുത്ത് ചിലവ് വരുമെന്നാണ് വിലയിരുത്തല്‍. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സര്‍ചാര്‍ജ് കൊണ്ടുവരാനാണ് ആലോചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല