സ്വന്തം ലേഖകൻ: എം വി ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറി. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി നേതൃത്വം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പറഞ്ഞു. സംസ്ഥാന സമിതി ഒറ്റക്കെട്ടയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ഇപി വ്യക്തമാക്കി.
കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് കോടിയേരി പാര്‍ട്ടിയെ അറിയച്ചതായാണ് വിവരം. കോടിയേരി സ്ഥാനമൊഴിയുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയവര്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനത്തിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വിവരം നേരിട്ട് സ്ഥിരീകരിക്കാന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് സാധിച്ചിട്ടില്ല.
വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണനെ നാളെ ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. നേരത്തെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കോടിയേരിക്ക് പാര്‍ട്ടി അവധി നല്‍കിയിരുന്നു. അന്ന് എല്‍ ഡി എഫ് കണ്‍വീനറായിരുന്ന എ വിജയരാഘവനായിരുന്നു താത്കാലിക ചുമതല.
കോടിയേരിക്ക് അവധി നല്‍കണോ അല്ലെങ്കില്‍ പുതിയ സെക്രട്ടറിയെ നിയമിക്കണോ എന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം. എം വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
എം വി ഗോവിന്ദന് ചുമതല നല്കിയാല് മന്ത്രിസഭാ പുനസംഘടന അനിവാര്യമാകുന്ന സാഹചര്യം ഉണ്ടാകും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് കേവലം ഒന്നര വര്‍ഷം മാത്രമാകുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് പാര്‍ട്ടി തയാറാകുമോ എന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ വീണ്ടും മന്ത്രിയാക്കാൻ സാധ്യത. മന്ത്രി എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായതോടെ മന്ത്രിസഭ അഴിച്ചുപണിയുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഇതു സംബന്ധിച്ച് അടുത്ത സി.പി.എം സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തേക്കും. മന്ത്രിസഭ അഴിച്ചുപണിക്ക് സംസ്ഥാന സമിതി അംഗങ്ങൾ അനുമതി നൽകിയതായാണ് വിവരം. സ്പീക്കർ എം.ബി. രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്. എ.സി. മൊയ്തീനെ മന്ത്രിസഭയിലെടുക്കുന്നതും പരിഗണനയിലുണ്ട്.
അതോടൊപ്പം വീണ ജോർജ് സ്പീക്കറാകുമെന്നും റിപ്പോർട്ടുണ്ട്. പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരാൻ സാധ്യതയുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയായതോടെ ഗോവിന്ദൻ മന്ത്രിസ്ഥാനമൊഴിയും. തദ്ദേശ സ്വയംഭരണവും എക്സൈസുമാണ് ഗോവിന്ദെൻറ വകുപ്പുകൾ.
മന്ത്രിമാരുടെ പ്രകടനം മോശമാണെന്ന ആരോപണവും മന്ത്രിസഭ അഴിച്ചുപണിക്ക് ഒരു കാരണമാണ്. മന്ത്രിമാരിൽ ചിലർക്കെതിരെ സി.പി.എമ്മിനുള്ളിൽ തന്നെ വിമർശനമുയർന്നിരുന്നു. ഘടകകക്ഷിയായ സി.പി.ഐയും വിമർശനമുന്നയിച്ചിരുന്നു. എല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രി കൈയടക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല