സ്വന്തം ലേഖകൻ: 10 ബിറ്റ്‌കോയിൻസ് (രണ്ടരക്കോടിയോളം രൂപ) ആവശ്യപ്പെട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഭീഷണിപ്പെടുത്തുന്ന ഇ-മെയിൽ സന്ദേശം. ഞായറാഴ്ച അർധരാത്രിക്കകം 10 ബിറ്റ്‌കോയിൻസ് അയച്ചുതന്നില്ലെങ്കിൽ വിമാനത്താവളത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി.
എന്റെ ആൾ വിമാനത്താവളത്തിലെത്തിക്കഴിഞ്ഞെന്നും നിശ്ചിതസമയത്തിനുള്ളിൽ തുക അയച്ചില്ലെങ്കിൽ അയാൾ മനുഷ്യബോംബായി പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഇ-മെയിൽ സന്ദേശം. സുരക്ഷാ ഏജൻസികൾ വിമാനത്താവളത്തിലെല്ലാം വിശദമായി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
എന്നാൽ, തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം വീണ്ടും സിയാലിനും പോലീസിനും ഇ-മെയിൽ സന്ദേശമെത്തി. ‘എനിക്ക് ആരെയും കൊല്ലാൻ കഴിയില്ല. മാതാപിതാക്കളില്ലാത്ത കുട്ടികളെ സഹായിക്കുന്നതിനായി എനിക്ക് പണം ആവശ്യമാണ്. എന്റെ വിഷമം നിങ്ങൾക്ക് മനസ്സിലാകില്ല. വിശക്കുന്ന കുട്ടികൾ എന്നെ കാത്തിരിക്കുന്നു’ എന്നാണ് സന്ദേശം.
അയച്ചിരിക്കുന്നത് വ്യാജ ഐഡിയിൽനിന്നാണെന്നാണ് പ്രാഥമിക നിഗമനം. സൈബർസെല്ലിന്റെ സഹായത്തോടെ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല