1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2023

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് നിപ രണ്ടാം തരംഗമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപയുമായി ബന്ധപ്പെട്ട് ഇന്നലെ മുതല്‍ പുതിയ പോസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടില്ലെന്നത് ആശ്വാസം നല്‍കുന്ന വിവരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. നിപ നേരിയ ലക്ഷണങ്ങളുള്ള നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവസാനം രോഗം ബാധിച്ചയാളെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് ലക്ഷണങ്ങളുണ്ട്. അവര്‍ ഐസലേഷനില്‍ ഉണ്ട്.1192 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്. നിലവിൽ സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാണ്. ഇതുവരെ രണ്ടാം തരംഗം ഉണ്ടായിട്ടില്ല. കൂടുതൽ സാമ്പിളുകൾ പരിശോധിക്കുമ്പോളാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ ഘട്ടത്തിൽ രണ്ടാം തരം​ഗമുണ്ടായിട്ടില്ല എന്നത് നല്ല കാര്യമാണ്.

ലക്ഷണങ്ങളുള്ള ചിലരുടെ പരിശോധനാ ഫലം ശനിയാഴ്ച രാത്രിയോടെ അറിയാം. 51 സാമ്പിളുകളുടെ ഫലമാണ് ഇനി വരാനുള്ളതെന്നും മന്ത്രി പറഞ്ഞു. നിപ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനിശ്ചിതകാല അവധി കളക്ടര്‍ പിന്‍വലിച്ചിരുന്നു. അവധി പ്രഖ്യാപനം ജനങ്ങളില്‍ ഭീതിയുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി.

ഈ മാസം 23 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 23 വരെ ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് പുതിയ ഉത്തരവിലെ നിര്‍ദേശം. ജനങ്ങളില്‍ ഭീതി പരത്താന്‍ കാരണമായ സാഹചര്യത്തിലാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയതെന്ന് കളക്ടറുടെ പുതിയ ഉത്തരവില്‍ പറയുന്നു.

നിപ ബാധിച്ച് വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി കൈവന്നിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്ന് പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ ആറ് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചു. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.