![](https://www.nrimalayalee.com/wp-content/uploads/2021/04/Kerala-Covid-19-Update-Coronavirus-Cases-Hotspots-Lockdown.jpg)
സ്വന്തം ലേഖകൻ: ഒമിക്രോണിന്‍റെ പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്കൂൾ അടയ്ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് മന്ത്രി പറഞ്ഞതായി മലയാള മനോരമയും റിപ്പോർട്ട് ചെയ്തു.
ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, സ്ഥിതി വിലയിരുത്തി തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
“സാധാരണഗതിയിൽ സ്കൂൾ തുറന്നത് ആരോഗ്യവകുപ്പുമായി ചർച്ച ചെയ്താണ് കാര്യങ്ങൾ തീരുമാനിച്ചത്. കോവിഡ്, ഒമിക്രോൺ വിലയിരുത്തലിന് സംസ്ഥാന തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു സമിതിയുണ്ട്. ആ സമിതി സംസ്ഥാനത്തൊട്ടാകെയുള്ള സാഹചര്യം വിലയിരുത്തിക്കൊണ്ടാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇപ്പോൾ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. അങ്ങനെ ഒരു അവസ്ഥ വന്ന് കഴിഞ്ഞാൽ സർക്കാർ അതുസംബന്ധിച്ച് ആലോചിക്കും,“ മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് കാലത്തിന് മുന്നേ നടത്തിയിരുന്നത് പോലെ ക്ലാസുകളും പരീക്ഷയും നടത്തുക എന്ന തീരുമാനമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവരുടെയും സഹായത്തോടെ മുന്നോട്ട് പോകാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. നേരത്തെ ക്രിസ്മസ് അവധി കഴിഞ്ഞു തുറക്കുമ്പോൾ പൂർണസമയ ക്ലാസുകൾ തുടങ്ങാൻ സർക്കാരിന് ആലോചനയുണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഒമിക്രോൺ സാഹചര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷം മതിയെന്നാണ് നിലവിലെ തീരുമാനം.
അതേസമയം ഒമിക്രോൺ കേസുകൾ കൂടുന്നതിനാൽ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഒമിക്രോൺ ഇതുവരെ സ്ഥിരീകരിച്ചത് 63 പേർക്കാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ അഞ്ചാമതാണ് കേരളം. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ കേസുകൾ കൂടുതലായുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല