സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർകോട് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ആലപ്പുഴ യുഎഇ 5, തുര്‍ക്കി 1, തൃശൂര്‍ യുഎഇ 4, ഖത്തര്‍ 3, പത്തനംതിട്ട യുഎഇ 3, യുഎസ്എ 2, സൗദി അറേബ്യ 1, ഖത്തര്‍ 1, ഖസാക്കിസ്ഥാന്‍ 1, എറണാകുളം യുഎഇ 5, ഉക്രൈന്‍ 1, ജര്‍മനി 1, കൊല്ലം യുഎഇ 2, ഖത്തര്‍ 1, മലപ്പുറം യുഎഇ 5, ഖത്തര്‍ 1, കോഴിക്കോട് യുഎഇ 5, പാലക്കാട് യുഎഇ 1, ഇസ്രയേല്‍ 1, കാസര്‍ഗോഡ് യുഎഇ 2, കണ്ണൂര്‍ യുഎഇ 1 എന്നിങ്ങനെ വന്നവരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 480 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 6 പേരാണുള്ളത്.
അതേസമയം, സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ലസ്റ്ററായ സ്വകാര്യ നഴ്‌സിങ് കോളജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ സ്ഥാപനങ്ങളും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡും ഒമിക്രോണും കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്ത് വീണ്ടും അവലോകനയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. സ്കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നു.
തിങ്കളാഴ്ചയാണ് കോവിഡ് അവലോകനയോഗം അവസാനം ചേര്‍ന്നത്. സ്കൂളുകള്‍ അടയ്ക്കുക, വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ തീരുമാനിച്ചില്ല. സ്വകാര്യ ചടങ്ങുകളില്‍ പങ്കാളിത്തം 50 പേരായി ചുരുക്കുക മാത്രമാണ് ചെയ്തത്. അന്ന് പ്രതിദിന രോഗബാധ ആറായിരത്തില്‍ താഴെയും സ്ഥിരീകരണ നിരക്ക് 12.7 ശതമാനവും ആയിരുന്നു. ഇന്നലെ രോഗബാധ ഇരട്ടിയായി കുതിച്ച് 12,000നു മുകളിലെത്തി. ടിപിആറും 17 പിന്നിട്ടു.
കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്നതു തന്നെയാണ് യോഗത്തിന്റെ അജണ്ട. സ്കൂള്‍ നിയന്ത്രണം, ഓഫിസുകളിലെ ഹാജര്‍നില കുറയ്ക്കല്‍, പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വാരാന്ത്യനിയന്ത്രണം തുടങ്ങി കടുത്ത നിര്‍ദേശങ്ങളാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമൊന്നും കഴിഞ്ഞയോഗത്തില്‍ ഇതിനോടു യോജിച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല