സ്വന്തം ലേഖകൻ: കേരളത്തിൽ നിന്നും പലസ്തീൻ, ഇസ്രയേൽ നാടുകളിലേക്കുള്ള തീർത്ഥാടന യാത്രകൾ പുനരാരംഭിച്ചു. യുദ്ധത്തെ തുടർന്നായിരുന്നു യാത്രകൾ നിർത്തിവച്ചത്. യുദ്ധതെ തുടർന്ന് ആറുമാസത്തെ ഇടവേളക്കുശേഷമാണ് വിശുദ്ധനാടുകളിലേക്ക് വീണ്ടും മലയാളികൾ എത്തുന്നത്.
ടൂർ ഓപ്പറേറ്റർമാർ നേരിട്ട് ഇസ്രായേൽ പാലസ്തീൻ എന്നിവ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പാക്കേജുകൾ ആരംഭിച്ചത്. കൊച്ചി-തിരുവനന്തപുരം ജില്ലകളിൽ നിന്നും 70 ഓളം തീർത്ഥാടകർ ഉണ്ടായിരുന്നു. ആശങ്കകൾ ഒന്നുമില്ലെന്നും യാത്രക്കാർ വ്യക്തമാക്കി. വിശുദ്ധ നാടുകളിലേക്കുള്ള തീർത്ഥാടന പാക്കേജ് പുനരാരംഭിച്ചത് ടൂറിസം മേഖലയ്ക്കും ആശ്വാസമാണ്.
അതേസമയം ഗാസയിൽ വെടിനിർത്തലിനുള്ള സാധ്യതയും പ്രതീക്ഷയും വീണ്ടും തെളിയുന്നു. ഈജിപ്ത്, യുഎസ്, ഖത്തർ എന്നീ രാജ്യങ്ങൾ മുൻകൈയെടുത്തു നടത്തുന്ന സമാധാന ചർച്ചയിൽ ഹമാസിന്റെ ഉന്നത നേതാവ് ഇസ്മായിൽ ഹനിയ തന്നെ പങ്കാളിയായി. ഈജിപ്തിന്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ അബ്ബാസ് കമാലുമായി ഹനിയ കൂടിക്കാഴ്ച നടത്തി നിർദേശങ്ങളുമായി മടങ്ങി.
ഇന്നു പാരിസിൽ നടക്കുന്ന രാജ്യാന്തര മധ്യസ്ഥരുടെ ചർച്ചയിൽ പുതിയ നിർദേശങ്ങൾ അവതരിപ്പിക്കും. ഇസ്രയേൽ തടവിലാക്കിയ മുഴുവൻ പലസ്തീൻകാരെയും മോചിപ്പിക്കണമെന്നും സൈനികനടപടി നിർത്തണമെന്നുമാണ് ഹമാസ് ആവശ്യപ്പെടുന്നത്. പകരം ഹമാസ് ബന്ദിയാക്കിയവരിൽ ബാക്കിയുള്ള നൂറോളം പേരെ വിട്ടയയ്ക്കുമെന്നതാണ് പ്രധാന ധാരണ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല