സ്വന്തം ലേഖകന്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടു ദിവസമായി നടക്കുന്ന വോട്ടെടുപ്പിനിടയില്‍ രണ്ടു ദിവസത്തെ ഇടവേളയുണ്ടാകും. ആദ്യഘട്ടത്തില്‍ നാലു വടക്കന്‍ ജില്ലകളിലും മൂന്നു തെക്കന്‍ ജില്ലകളിലുമാണു വോട്ടെടുപ്പ്. മധ്യകേരളത്തിലെ ഏഴു ജില്ലകളില്‍ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പു നടത്തും.
അഞ്ചിനകം തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാന്‍ കഴിയുമെന്നും ശബരിമല തീര്‍ഥാടന കാലത്തിനു മുന്‍പു നടപടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കമ്മീഷന്‍ അറിയിച്ചു.
നവംബര്‍ പത്തിനോടടുപ്പിച്ചു വോട്ടെടുപ്പു നടത്താനാണു കമ്മിഷന്‍ ലക്ഷ്യമിടുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ആദ്യഘട്ടത്തിലും മറ്റു ജില്ലകളില്‍ രണ്ടാംഘട്ടത്തിലും വോട്ടെടുപ്പു നടക്കാനാണു സാധ്യത. സുരക്ഷാ സൗകര്യം ഒരുക്കേണ്ടതുകൂടി പരിഗണിച്ചാണ് ഈ മാറ്റം.
ബാങ്കുകളിലോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ വായ്പാ കുടിശിക ഉള്ളവര്‍ക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ല. അങ്കണവാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, സാക്ഷരതാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും മത്സരിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല