സ്വന്തം ലേഖകൻ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 2019ന് ശേഷം 2024ലും യുഡിഎഫ് തരംഗം അലയടിക്കുകയാണ്. ആറ് ഹൈ വോൾട്ടേജ് മണ്ഡലങ്ങളാണ് കേരളത്തിൽ ഇക്കുറി ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്.
വയനാട്ടിൽ രാഹുൽ ഗാന്ധിയാണ് ലീഡ് നിലയിൽ ഏറ്റവും മുന്നിൽ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡ് അദ്ദേഹം നേടിക്കഴിഞ്ഞു. എറണാകുളത്തും മലപ്പുറത്തും യുഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് രണ്ട് ലക്ഷമാക്കി ഉയർത്തിയിട്ടുമുണ്ട്.
വയനാട്
ഇന്ത്യ മുന്നണിയുടെ മുഖ്യ നേതാവും കോൺഗ്രസിന്റെ താരപ്രചാരകനുമായ രാഹുൽ ഗാന്ധി വയനാട് നിലനിർത്തുന്ന സ്ഥിതിയാണുള്ളത്. 3.03 ലക്ഷം വോട്ടുകളുടെ ലീഡാണ് അദ്ദേഹം ഇതുവരെ നേടിയത്. കഴിഞ്ഞ തവണ 2019ൽ നാല് ലക്ഷത്തിന് മുകളിലായിരുന്നു രാഹുലിന്റെ ലീഡ്.
എറണാകുളം
കോൺഗ്രസ് നേതാവും സിറ്റിങ് എംപിയുമായ ഹൈബി ഈഡൻ എറണാകുളത്ത് തന്നെ വെല്ലുവിളിക്കാൻ ആരുമില്ലെന്ന വെല്ലുവിളിയുമായി മുന്നേറ്റം തുടരുകയാണ്. ലീഡ് നില 2.22 ലക്ഷം കടന്നിട്ടുണ്ട്.
മലപ്പുറം
മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്തും പൊന്നാനിയിലും ഇക്കുറിയും കാര്യങ്ങൾ അവർക്ക് അനുകൂലമാണ്. 2.20 ലക്ഷം വോട്ടുകളുടെ ലീഡാണ് അവർക്കുള്ളത്.
പൊന്നാനി
യുഡിഎഫിലെ പ്രബല കക്ഷിയായ ലീഗിന്റെ സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീർ 1.78 ലക്ഷം വോട്ടുകളുടെ ലീഡുമായി മുന്നിലാണ്.
ഇടുക്കി
കോൺഗ്രസ് നേതാവും സിറ്റിങ് എംപിയുമായ ഡീൻ കുര്യാക്കോസാണ് ഇടുക്കിക്കാരുടെ ഹീറോ. ഡീൻ നിലവിൽ 1.29 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടി മുന്നേറുന്നത്.
കോഴിക്കോട്
കോഴിക്കോട്ടുകാരുടെ രാഘവേട്ടൻ 1.08 ലക്ഷം വോട്ടുകളുടെ ലീഡ് നേടിയെടുത്തിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ഇവിടെ ജയം ഉറപ്പിച്ചിരിക്കുകയാണ്.
2019ല്‍ യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫിലെ വന്‍ മരങ്ങള്‍ ഉള്‍പ്പെടെ വീണു. എന്നാല്‍ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ചു. 2021 പ്രതിഫലിച്ചില്ലെങ്കിലും എല്‍ഡിഎഫ് നില മെച്ചമാക്കാന്‍ പറ്റും എന്നായിരുന്നു കരുതിയിരുന്നത്.
അതിനനുസരിച്ച് ശക്തരായ സ്ഥാനാര്‍ഥികളെ തന്നെയാണ് എല്‍ഡിഎഫ് ഇക്കുറി രംഗത്തിറക്കിയതും. 2019ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് പല യുഡിഎഫ് സ്ഥാനാര്‍ഥികളും വിജയിച്ചത്. എന്നാല്‍ ഇത്തവണ തിരുവനന്തപുരം ഒഴിച്ച് ബാക്കി യുഡിഎഫ് ജയം ഉറപ്പിച്ച മണ്ഡലങ്ങളിലെല്ലാം അമ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷവുമായാണ് സ്ഥാനാര്‍ത്ഥികള്‍ തിളങ്ങിയത്.
അതേസമയം തൃശൂരില്‍ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പോയത് മുന്നണിക്ക് ക്ഷീണമായി. വോട്ടെണ്ണലിന്റെ ഒരു സമയത്ത് പോലും ലീഡ് വര്‍ധിപ്പിക്കാന്‍ മുരളീധരന് സാധിച്ചില്ല. വിജയം പ്രതീക്ഷിച്ചാണ് വടകരയില്‍ നിന്ന് കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റിയത്. എന്നാല്‍ മത്സരം സുരേഷ്‌ഗോപിയും സുനില്‍കുമാറും തമ്മിലായിരുന്നു എന്നാണ് ഫലം വ്യക്തമാക്കുന്നത്.
രാജീവ് ചന്ദ്രശേഖറുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തരൂര്‍ മണ്ഡലം നാലാമതും നിലനിര്‍ത്തി. കേരളം ഉറ്റുനോക്കിയിരുന്ന വടകര മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടിനാണ് ജയിച്ചത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവുമധികം വോട്ട് നേടി വിജയിച്ച കെ കെ ശൈലജ ടീച്ചര്‍ക്ക് വലിയ തിരിച്ചടിയാണ് യുഡിഎഫ് നല്‍കിയത്.
2019ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ഭൂരിപക്ഷം നേടിയവരില്‍ ഒരാളായ രമ്യ ഹരിദാസിന്റെ തോല്‍വി യുഡിഎഫിന് മറ്റൊരു തിരിച്ചടിയാണ്. ഇരുപതിനായിരത്തില്‍ അധിക വോട്ടുകള്‍ക്ക് കെ രാധാകൃഷ്ണന്‍ ലീഡ് ചെയ്യുകയാണ്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധപ്രദേശിലും ഒഡീഷയിലും ബിജെപി സഖ്യത്തിന് മുന്നേറ്റം. ആന്ധ്രയിൽ നിലവിലെ മുഖ്യമന്ത്രി ജയൻ മോഹൻ റെഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി തകർന്നടിയുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്.
ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി ഇവിടെ അധികാരം ഉറപ്പിച്ചു. ആകെയുള്ള 175 സീറ്റുകളിൽ 149 സീറ്റുകളിലും എൻഡിഎ സഖ്യമാണ് മുന്നിൽ. ഇതിൽ 125 സീറ്റുകളിൽ ടിഡിപിയും 17 സീറ്റുകളിൽ പവൻ കല്യാണിന്റെ ജനസേനയും ഏഴിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. 20 സീറ്റുകളിൽ മാത്രമാണ് വൈഎസ്ആർ കോൺഗ്രസിന് ലീഡുള്ളത്.
ഒഡീഷയിൽ ബിജു ജനതാദൾ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിന്റെ സ്വപ്നങ്ങൾ തകർത്ത് ബിജെപി അധികാരത്തിൽ വരുന്നു എന്ന സൂചനയാണ് വരുന്നത്. തൊണ്ണൂറുകളുടെ അവസാനം മുതൽ രാഷ്ട്രീയത്തിൽ അജയ്യനായി തുടരുന്ന പട്നായിക് തെക്കൻ ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഹിൻജിലിയിൽ നിന്നുമാണ് മത്സരിക്കുന്നത്.
147 നിയമസഭാ സീറ്റുകളിൽ 74 സീറ്റുകളിൽ ബിജെപി ലീഡുയർത്തി മുന്നേറുകയാണ്. നവീൻ പട്നായിക്കിന്റെ ഭരണകക്ഷിയായ ബിജെഡി 24 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് ആറ് മണ്ഡലങ്ങളിൽ മുന്നിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല