സ്വന്തം ലേഖകൻ: തീർഥാടകവീസയിൽ ഇസ്രയേലിലെത്തുന്ന മലയാളികൾ സന്ദർശനത്തിടെ അപ്രത്യക്ഷമാവുന്നത് പതിവ്. താഴെത്തട്ടിലുള്ള ജോലിക്കുപോലും മികച്ച ശമ്പളം കിട്ടുന്നതാണ് ആകർഷണം. വൃദ്ധപരിചരണം, ശുചീകരണം, കൃഷി തുടങ്ങിയ ജോലികളിൽ ഇസ്രയേലിൽ തൊഴിലാളിക്ഷാമമുണ്ട്. ഇത്തരം പണിചെയ്താൽപോലും മാസം ഒന്നരലക്ഷം രൂപവരെ സമ്പാദിക്കാമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
മുങ്ങുന്നവർ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ചശേഷം ഇസ്രയേൽ പോലീസിന് പിടികൊടുക്കാതെ നടക്കും. തുടക്കത്തിൽ പരിചയക്കാരോടൊപ്പമോമറ്റോ ഒളിവിൽക്കഴിയും. പിന്നീട് ഏതെങ്കിലും വിധത്തിൽ കീഴടങ്ങും. തുടർന്ന് അഭയാർഥിപദവിക്കോ പ്രവാസിപദവിക്കോ ശ്രമംനടത്തും. ഇതിലേതെങ്കിലും സാധ്യമായാൽ തൊഴിലെടുത്ത് ജീവിക്കാം. നാട്ടിലുള്ള ബന്ധുക്കളുടെ അറിവോടെയാകും ഈ ‘മുങ്ങൽ കുടിയേറ്റം.’
അതിനാൽ അവർക്ക് പരാതിയുണ്ടാകില്ല. ഇത്തരം അനധികൃതകുടിയേറ്റം ഇസ്രയേൽ ഭരണകൂടം ഗൗരവമായി കാണാറുമില്ല. അതിനാലാണ് ഈ വിഷയം പൊതുരംഗത്ത് കാര്യമായി ചർച്ചയാവാത്തത്. തീർഥാടകസംഘത്തിൽനിന്ന് അപ്രത്യക്ഷമായാൽ പരാതിപോലും എവിടെയും നൽകാറില്ല. പരാതി ലഭിച്ചാൽത്തന്നെ വിദേശകാര്യമന്ത്രാലയത്തിലേക്കും മറ്റുമയച്ച് കൈയൊഴിയുകയാവും സംസ്ഥാന പോലീസും ചെയ്യുക.
ഇസ്രയേലിലെ കൃഷിരീതികളെക്കുറിച്ച് പഠിക്കാൻപോയ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗികസംഘത്തിൽനിന്ന് കർഷകൻ അപ്രത്യക്ഷമായതോടെയാണ് ഈ ‘മുങ്ങൽക്കഥ’ പുറംലോകം അറിഞ്ഞത്. തൊട്ടുപിന്നാലെ കേരളത്തിൽനിന്നുള്ള തീർഥാടകസംഘത്തിൽനിന്നുകൂടി ആറുപേരെ കാണാതായി. ഫെബ്രുവരി എട്ടിന് തിരുവനന്തപുരത്തുനിന്നുപോയ സംഘത്തിലെ മൂന്നുപേരെ പലസ്തീൻ സന്ദർശിക്കുമ്പോഴാണ് കാണാതാവുന്നതെന്ന് യാത്രയ്ക്ക് നേതൃത്വംനൽകിയ ഫാ. ജോഷ്വ പറയുന്നു.
നാട്ടിലും ഇസ്രയേലിലുമായി പ്രവർത്തിക്കുന്ന ചില രഹസ്യസംഘങ്ങളാണ് ഇത്തരം അനധികൃത കുടിയേറ്റത്തിന് അവസരമൊരുക്കുന്നതെന്നാണ് വിവരം. സന്ദർശകവീസയിൽ വരുന്നവർ അപ്രത്യക്ഷമായാൽ ട്രാവൻ ഏജൻസികളെ ഇസ്രയേൽ ഭരണകൂടം കരിമ്പട്ടികയിൽപ്പെടുത്തും. ഇതുകാരണം ഈ ഏജൻസികൾ ഔദ്യോഗികമായി ചിത്രത്തിൽ കാണില്ല. അണിയറയിലാവും പ്രവർത്തനം.
സംഘത്തിൽനിന്ന് മുങ്ങാനും ഒളിത്താമസമൊരുക്കാനും മാസങ്ങൾകൊണ്ട് പ്രവാസിപദവിയോ അഭയാർഥിപദവിയോ തരപ്പെടുത്തി ആ രാജ്യത്ത് പണിയെടുത്ത് ജീവിക്കാനുള്ള സൗകര്യവും ഇവർ ചെയ്തുകൊടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല