1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2023

സ്വന്തം ലേഖകൻ: ബസ്സിനുനേരെ കരിങ്കൊടി കാട്ടാൻ എത്തിയവരെ ഗൺമാൻ മർദിക്കുന്നത് താൻ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ള ആളാണ് ഗൺമാൻ. തനിക്കോ ബസ്സിനോ നേരെയുള്ള ആക്രമണങ്ങളെ തടയേണ്ടത് ഗൺമാന്റെ ചുമതലയാണ്. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ പരിശോധിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ പ്രശ്നങ്ങളിൽ എസ്.എഫ്.ഐ.യും ഡി.വൈ.എഫ്.ഐ.യും ഇടപെടുന്നത് സ്വാഭാവികമാണ്. കാവിവത്‌കരണത്തിനെതിരായ പ്രതിഷേധത്തിൽനിന്ന് നാടിന്റെ ശ്രദ്ധ തിരിക്കാനാണ് യുവമോർച്ചയും യൂത്ത് കോൺഗ്രസും ശ്രമിക്കുന്നത്. ഇതിൽ കോൺഗ്രസിനും ബി.ജെ.പി.ക്കും യോജിച്ച മനസ്സാണെന്ന് വ്യക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

നവകേരളസദസ്സിനു തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചവരെ ’രക്ഷാപ്രവർത്തന’ത്തിലൂടെ നേരിട്ട നടപടിയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുനലൂരിലെ വേദിയിലേക്കു കടന്നുകയറാൻ ശ്രമിച്ചയാളെ പോലീസുകാരും വൊളന്റിയർമാരുംചേർന്ന്‌ സ്ഥലത്തുനിന്നു മാറ്റിയതു സൂചിപ്പിച്ചാണ്‌ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ പ്രസംഗമാരംഭിച്ച് 10 മിനിറ്റ് പിന്നിട്ടപ്പോഴാണ്, ’അല്ലാ, അല്ലാ… പോലീസെന്നെ മർദിച്ചു’ എന്ന്‌ ഉച്ചത്തിൽ വിളിച്ചുകൂകി ഇയാൾ എത്തിയത്. ഉടനടി ഇയാളെ സ്ഥലത്തുനിന്നു നീക്കി. മന്ത്രി കെ.രാധാകൃഷ്ണനൊഴികെ, വേദിയിലുണ്ടായിരുന്ന മന്ത്രിമാരും ജനങ്ങളും സീറ്റുകളിൽനിന്ന്‌ എഴുന്നേറ്റില്ല.

പ്രസംഗം തുടർന്ന മുഖ്യമന്ത്രി, ഇത്തരത്തിൽ സംയമനത്തോടെയാണ്‌ പ്രതിഷേധക്കാരെ നേരിടേണ്ടതെന്നു പറഞ്ഞു. ഇതിനുശേഷമാണ് ബസിനുമുന്നിൽ കരിങ്കൊടി കാട്ടുന്നവരെ ’രക്ഷിക്കുക’യാണു ചെയ്യുന്നതെന്ന പല്ലവി മുഖ്യമന്ത്രി ആവർത്തിച്ചത്.

ഈ പരിപാടി തുടങ്ങി രണ്ടുദിവസത്തിനുശേഷം, രണ്ട് യൂത്ത് കോൺഗ്രസുകാർ ബസിനുമുന്നിൽ ചാടി. കരിങ്കൊടി പ്രതിഷേധത്തിനാണ്‌ എത്തിയതെങ്കിൽ അതു ചെയ്യണം. ബസിനു മുന്നിലേക്കു ചാടുകയല്ല ചെയ്യേണ്ടത്. ബസിനുമുന്നിൽ ചാടുന്നവരെ സ്വാഭാവികമായി തള്ളിമാറ്റുന്ന നില അവിടെയുള്ള നൂറുകണക്കിന്‌ ആളുകൾ ചേർന്നു സ്വീകരിച്ചു. യഥാർത്ഥത്തിൽ അവരുടെ ജീവൻ രക്ഷിക്കുന്ന പ്രവർത്തനമാണു നടന്നത്. അങ്ങനെ രക്ഷിച്ചതിനെതിരേ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രംഗത്തുവന്നു.

നിങ്ങളെന്തിനു രക്ഷിക്കാൻ പോകണമെന്ന്‌ അദ്ദേഹം ചോദിച്ചു. അവരുടെ ജീവൻ അപകടത്തിലായാൽ നന്നായെന്നു വിചാരിക്കുന്ന ഒരു മനസ്സ് അതിനു പിന്നിലുണ്ടെന്നല്ലേ അതിനർഥം. യൂത്ത് കോൺഗ്രസ് രാഷ്ട്രീയമായി ഞങ്ങൾക്ക് എതിരാണെങ്കിലും ജീവൻ അപകടത്തിലായാൽ രക്ഷിക്കാനാണു ശ്രമിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.