
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് റോഡ് സുരക്ഷാ നിയമങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം. ഇതിന്റെ ഭാഗമായി പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്സ് ലൈസന്‍സും നല്‍കാന്‍ ആണ് പദ്ധതിയിടുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28 ന് കൈമാറും എന്നാണ് റിപ്പോര്‍ട്ട്.
നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുകയാണ് എങ്കില്‍ ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്താനും ആലോചനയുണ്ട്. എങ്കിലും 18 വയസ് തികഞ്ഞാല്‍ മാത്രമാകും വാഹനം ഓടിക്കാനുള്ള അനുവാദം ഉണ്ടാകുക. സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങളും അപകടങ്ങളും വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
സംസ്ഥാനത്തെ വാഹനാപകടങ്ങളില്‍ കൂടുതലും യുവാക്കളും കൗമാരക്കാരുമാണ് ഇരയാകുന്നത്. കൂടാതെ നിയമലംഘനങ്ങളില്‍ ഏറിയ പങ്കും കൗമാരക്കാരിലാണ് കണ്ട് വരുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. ഇത് പ്രകാരം പ്ലസ് ടു പരീക്ഷയ്ക്കൊപ്പം ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് കൂടി ഉള്‍പ്പെടുത്താം എന്നാണ് തീരുമാനം.
ഇതോടെ പ്ലസ് ടുവിന് ഒപ്പം ഗതാഗത നിയമങ്ങളെ കുറിച്ച് കൂടി വിദ്യാര്‍ഥികളെ പഠിപ്പിക്കുകയും ബോധവാന്‍മാരാക്കുകയും ചെയ്യും. പരീക്ഷ പാസാകുന്നവര്‍ക്ക് 18 വയസ് തികഞ്ഞ് കഴിഞ്ഞ് ലൈസന്‍സിന് അപക്ഷിക്കുമ്പോള്‍ പിന്നീട് ലേണേഴ്സ് ടെസ്റ്റ് എഴുതേണ്ടി വരില്ല. ഇത്തരത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ആലോചന.
ഇതിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കുന്ന മുറയ്ക്ക് നിയമത്തില്‍ ഭേദഗതി വരുത്തും. അതേസമയം വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ലേണേഴ്സ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക എന്നാണ് വിവരം. ട്രാഫിക് നിയമങ്ങളും ഒപ്പം ബോധവത്കരണവും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്.
ഇതിനാവശ്യമായ കരിക്കുലം ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കി. ഗതാഗതമന്ത്രി ആന്റണി രാജു ഇത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കൈമാറും. പിന്നീട് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ കേന്ദ്ര വാഹന ഗതാഗത നിയമത്തിലടക്കം മാറ്റം വരുത്തേണ്ടി വരും. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടും ഇതില്‍ നിര്‍ണായകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല