1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയതില്‍ 85.13ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. സയന്‍സ് 88.62 ശതമാനം. ഹമാനിറ്റീസ് 77.76 ശതമാനം, കൊമേഴ്‌സ് 84.52 ശതമാനം ടെക്‌നിക്കല്‍ – 87.94. ആര്‍ട് (കലാമണ്ഡലം)- 98.75 ശതമാനം എന്നിങ്ങനെയാണ് വിവിധ സബ്ജക്ട് ഗ്രൂപ്പുകളിലെ വിജയ ശതമാനമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍വഴി ഫലം അറിയാനാകും. PRD Live, Saphalam 2020, iExaMS എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാണ്. വി.എച്ച്.എസ്.ഇ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

3,75,655 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയത് ഇതില്‍ 3,19,782 പേര്‍ വിജയിച്ചു. 84.33 ആയിരുന്നു 2019-ലെ വിജയശതമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുഘട്ടമായാണ് ഇത്തവണ പരീക്ഷ നടന്നത്.

സ്‌കൂള്‍ വിഭാഗം അനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിജയ ശതമാനം 82.19 ആണ്. എയ്ഡഡ് സ്‌കൂളുകള്‍ – 88.01, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ – 81.33, സ്‌പെഷല്‍ സ്‌കൂളുകള്‍ – 100. ടെക്‌നിക്കല്‍ സ്‌കൂളുകള്‍ – 87.94, കലാമണ്ഡലം 98.75 എന്നിങ്ങനെയും വിജയം നേടി. വിജയശതമാനം കൂടുതല്‍ എറണാകുളത്താണ് – 89.02 ശതമാനം. കുറവ് കാസര്‍കോട് 78.68 ശതമാനം. കഴിഞ്ഞവര്‍ഷം കോഴിക്കോടായിരുന്നു കൂടുതല്‍ വിജയശതമാനം.

114 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം 79 സ്‌കൂളുകള്‍ക്കായിരുന്നു ഈ നേട്ടം. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറത്താണ്. കുറവ് വയനാട്. 18510 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി. 1200-ല്‍ ഫുള്‍മാര്‍ക്ക് നേടിയത് 234 പേര്‍. കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ് – 2234 എണ്ണം.

ഓപ്പണ്‍ സ്‌കൂള്‍ ആയി പരീക്ഷ എഴുതിയവര്‍ – 49245. ഇതില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ – 21490. 43.64 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 43.48 ആയിരുന്നു ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തിലെ വിജയ ശതമാനം. ഇത്തവണ മുതല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റില്‍ മാറ്റംവരുത്തുന്നുണ്ട്. വിദ്യാര്‍ഥിയുടെ ഫോട്ടോ, ജനന തീയതി, പിതാവിന്റെ പേര്, മാതാവിന്റെ പേര് എന്നീ വിവരങ്ങള്‍കൂടി സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തും.

പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടുണ്ടെന്നും ഫലം ജൂലായില്‍തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് പിന്നീട് അവസരം നല്‍കും. ജൂലായ് 24 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ ആരംഭിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.