1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2018

സ്വന്തം ലേഖകന്‍: പൊലീസ് സേനയില്‍ അടിമപ്പണി വിവാദം; എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരിശോധനാ ഫലം; ഡ്രൈവറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടികയും വാഹനങ്ങളുടെ കണക്കും നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.

എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്തിനെ വിളിച്ചുവരുത്തിയ മുഖ്യമന്ത്രി സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു. കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് ഡ്രൈവറുടെ ഭാര്യ പറഞ്ഞു. ഇതിന് മുന്‍പും മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്നും ഗവാസ്‌കറിനെതിരെ നല്‍കിയത് കള്ളക്കേസാണെന്നും മുഖ്യമന്ത്രിയെ ബോധിപ്പിച്ചെന്നും ഭാര്യ പറഞ്ഞു.

എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന് മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗവാസ്‌കറുടെ നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് ക്ഷതമേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മൊബൈലുകൊണ്ട് കഴുത്തിന് പുറകിലിടിച്ചെന്ന പരാതി റിപ്പോര്‍ട്ട് ശരിവെക്കുന്നു. വേദനയും നീര്‍ക്കെട്ടും മാറാന്‍ ആറ് ആഴ്ചയോളം സമയമെടുക്കുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡ്രൈവറെ മര്‍ദ്ദിച്ച കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ട്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസിപി പ്രതാപനാണ് അന്വേഷണ ചുമതല. ഡ്രൈവര്‍ ഗവാസ്‌കറുടെയും എഡിജിപിയുടെ മകളുടെയും പരാതിയില്‍ അന്വേഷണം നടത്തും. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന എഡിജിപിയുടെ മകളുടെ പരാതിയും അന്വേഷിക്കും.

എഡിജിപി സുധേഷ് കുമാര്‍ ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിപ്പിക്കുന്നുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിപ്പിക്കുന്നുവെന്ന് ഡ്രൈവര്‍ ഗവാസ്‌കര്‍ പറഞ്ഞു. ഇതിന് തയാറാകത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും. മകളുടെ മുന്നില്‍ വെച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഡ്രൈവര്‍ പറഞ്ഞു. പരാതി പിന്‍വലിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സമര്‍ദം ചെലുത്തിയെന്നും തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.