സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഗോള പഠന വിഷയപ്പട്ടികയില്‍ ഇടംനേടിയതോടെ ആഗോളതലത്തില്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ് കേരള ടൂറിസത്തിന്റെ അഭിമാനപദ്ധതിയായ ഉത്തരവാദിത്വ ടൂറിസം മിഷന്‍(ആര്‍.ടി. മിഷന്‍). ആകെ എട്ടുരാജ്യങ്ങളില്‍നിന്നുള്ള പദ്ധതികളുടെ കൂട്ടത്തിലാണ് ആര്‍.ടി മിഷനും ഈ നേട്ടം സ്വന്തമാക്കിയത്.
ജി20 രാജ്യങ്ങളിലെ ടൂറിസം മേഖലയില്‍നിന്നുള്ള സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ക്കായുള്ള പ്രത്യേക ഡാഷ് ബോര്‍ഡിലാണ് ഉത്തരവാദിത്വ ടൂറിസം മിഷനും ഉള്‍പ്പെട്ടത്. ഹരിത ടൂറിസം എന്ന മുന്‍ഗണനാ വിഷയത്തില്‍ ഇന്ത്യയില്‍നിന്ന് ഉത്തരവാദിത്വ ടൂറിസവും തബോഡ-അന്ധേരി കടുവാ പദ്ധതിയും ഇടംപിടിച്ചു. മെക്സിക്കോ, ജര്‍മനി, മൗറീഷ്യസ്, ടര്‍ക്കി, ഇറ്റലി, ബ്രസീല്‍, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നാണ് മറ്റു പദ്ധതികള്‍.
പ്രാദേശിക സമൂഹത്തിന്റെ ഉന്നമനത്തിലൂടെ സുസ്ഥിരവികസന ലക്ഷ്യത്തിന് ഉത്തരവാദിത്വ ടൂറിസം മിഷന്‍ വിജയിച്ചുവെന്ന് പഠനത്തില്‍ വിലയിരുത്തുന്നു. ഉത്തരവാദിത്വ ടൂറിസം മേഖലകള്‍ വികസിപ്പിച്ച് പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിലൂടെ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താന്‍ കഴിഞ്ഞെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് ലിങ്കും ഡാഷ് ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഉത്തരവാദിത്വ ടൂറിസം മിഷന്‍ മാതൃകയായിക്കഴിഞ്ഞെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
ഒരു വിനോദസഞ്ചാര കേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങള്‍ക്ക് നന്നായി ജീവിക്കാന്‍കഴിയുന്ന തരത്തില്‍ നിലനിര്‍ത്തിക്കൊണ്ട് സഞ്ചാരികള്‍ക്ക് എത്താനും ആസ്വദിക്കാനും താമസിക്കാനും കഴിയുന്ന തരത്തിലേക്ക് മാറ്റുകയാണ് ഉത്തരവാദിത്വ ടൂറിസം കൊണ്ട് ഉദ്ദേശിക്കുന്നത്. 2017 ലാണ് ഉത്തരവാദിത്വ ടൂറിസം മിഷന്‍ സംസ്ഥാനത്ത് രൂപീകരിക്കുന്നത്. ഒരു ബദല്‍ വിനോദസഞ്ചാര മാതൃകയായാണ് ഉത്തരാവിദിത്വ ടൂറിസം മിഷന്‍ കേരളത്തില്‍ നടപ്പാക്കിയിരിക്കുന്നത്. ഒന്നര ലക്ഷത്തോളം പേരുള്‍പ്പെടുന്ന ടൂറിസം കമ്മ്യൂണിറ്റിയാണ് ആര്‍.ടി. മിഷന് കീഴിലുള്ളത്. 22,000 പേര്‍ക്ക് മിഷന്‍ നേരിട്ട് പരിശീലനം കൊടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല