സ്വന്തം ലേഖകൻ: പാനൂര്‍ കൊലക്കേസിലെ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്. പൊന്നാനി സ്വദേശിയായ യുവാവിനെയും കൊലപ്പെടുത്താനായിരുന്നു ശ്യാംജിത്ത് ലക്ഷ്യമിട്ടത്. ഈ സുഹൃത്തുമായി വിഷ്ണുപ്രിയ വാട്‌സാപ്പില്‍ സംസാരിക്കുന്നതിനിടെയാണ് ശ്യാംജിത്ത് വീട്ടിലെത്തി അരുംകൊല നടത്തിയത്. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഏറെ നിര്‍ണായകമായതും പൊന്നാനി സ്വദേശിയുടെ മൊഴികളായിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഞായറാഴ്ച നടന്ന തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തു. ആയുധങ്ങള്‍ അടങ്ങിയ ബാഗ് വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് പ്രതി ഉപേക്ഷിച്ചിരുന്നത്. ഞായറാഴ്ച രാവിലെ തെളിവെടുപ്പിനിടെ ഈ ബാഗ് ശ്യാംജിത്ത് പോലീസിന് കാണിച്ചുനല്‍കി. ചുറ്റിക, വെട്ടുകത്തി, ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന കത്തി, മുളകുപൊടി, പുരുഷന്റെ മുടി, കത്തി മൂര്‍ച്ച കൂട്ടാനുള്ള യന്ത്രം, സ്‌ക്രൂഡ്രൈവര്‍ തുടങ്ങിയവയാണ് ബാഗിലുണ്ടായിരുന്നത്.
ഇതിലൊരു കത്തി പ്രതി സ്വയം നിര്‍മിച്ചതാണെന്നാണ് പോലീസ് നല്‍കുന്നവിവരം. സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് മുളകുപൊടി സൂക്ഷിച്ചിരുന്നത്. അന്വേഷണം വഴിതെറ്റിക്കാനായാണ് മറ്റൊരു പുരുഷന്റെ മുടി ബാഗില്‍ കരുതിയിരുന്നതെന്നും പോലീസ് പറയുന്നു. വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തി മടങ്ങാന്‍ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്യാംജിത്തിന്റെ വീട്ടില്‍നിന്നാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്.
അതേസമയം, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം വിഷ്ണുപ്രിയയുടെ മൃതദേഹം പാനൂര്‍ വള്ള്യായിലെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വന്‍ ജനാവലിയാണ് വിഷ്ണുപ്രിയയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇവിടെയെത്തിയത്. മൃതദേഹം കണ്ട് പലരും വിങ്ങിപ്പൊട്ടി. പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല