സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാല മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കടലാക്രമണ മേഖലയിൽനിന്ന് മത്സ്യത്തൊഴിലാളികൾ മാറി താമസിക്കണം എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞതിന് പിന്നാലെ ഇന്ന് കടൽക്ഷോഭമുണ്ടായിരുനന്നു. ആലപ്പുഴയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും തൃശൂരും കടൽക്ഷോഭം ഉണ്ടായി. തിരുവനന്തപുരത്ത് കരുംകുളത്താണ് ശക്തമായ കടൽക്ഷോഭം ഉണ്ടായത്ത്. വീടുകളിലേക്ക് വെള്ളം കയറി. ഉച്ചക്ക് 2 മണി മുതലാണ് വെള്ളം കയറാൻ തുടങ്ങിയത്.
തൃശൂർ ആറാട്ടുപുഴയിലും ശക്തമായ കടലാക്രമണമുണ്ട്. തൃക്കുന്നപ്പുഴ വലിയഴിക്കൽ റോഡിൽ ഗതാഗതം നിലച്ചു. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച കടലാക്രമണം ഇപ്പോഴും തുടരുകയാണ്. തീരദേശ റോഡ് കവിഞ്ഞ് കിഴക്കോട്ട് വെള്ളം ഒഴുകുന്നതിനാൽ നൂറോളം വീടുകളുടെ ചുറ്റും വെള്ളം കെട്ടിനിൽക്കുകയാണ്. കടലാക്രമണം ഈ നിലയിൽ തുടർന്നാൽ വീടുകളുടെ ഉള്ളിലേക്ക് വെള്ളം കയറും.
രാവിലെ ഉണ്ടായ കടൽ ഉൾവലിയൽ, ഉച്ചയ്ക്കുശേഷം ഉണ്ടായ വേലിയേറ്റം ഇതിനെ തുടർന്നുണ്ടായ സ്വാഭാവിക കടലാക്രമണമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. തൃശ്ശൂർ പെരിഞ്ഞനം ബീച്ചിൽ കടലേറ്റം. വലിയ തിരകൾ ശക്തമായി കരയിലേക്ക് അടിച്ചു കയറുകയാണ്. വെള്ളവും മണ്ണും അടിച്ചു കയറി മത്സ്യബന്ധന വലകൾ നശിച്ചു.
രാവിലെ കമ്പനിക്കടവ് ഭാഗത്ത് കടൽ ചുഴലി ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. പെരിഞ്ഞനം സമിതി ബീച്ച്, കയ്പമംഗലം വഞ്ചിപ്പുര എന്നിവിടങ്ങളിലാണ് കടലേറ്റമുള്ളത്. കേരളത്തിലുണ്ടായ കടലേറ്റത്തിന് പിന്നില്‍ ‘കള്ളക്കടല്‍’ (swell) പ്രതിഭാസമെന്ന് വിദഗ്ധര്‍. ഇന്ത്യയിലെ പടിഞ്ഞാറന്‍ തീരപ്രദേശത്തിന് സമീപത്തിലൂടെ ചുഴലിക്കാറ്റുകള്‍ പോകുന്നതിനോടുനബന്ധിച്ച് ഇത്തരം പ്രതിഭാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.
കള്ളക്കടല്‍ പ്രതിഭാസമുണ്ടായാല്‍ വലിയ തിരമാലകളുണ്ടാകും. വേലിയേറ്റ സമയം കൂടിയാവുമ്പോള്‍ തിരകളുടെ ശക്തി വീണ്ടും പതിന്മടങ്ങാവും. എന്നാല്‍ നിലവില്‍ വേലിയേറ്റത്തിനുള്ള സാധ്യത വിലയിരുത്തിയിട്ടില്ല. കടല്‍ത്തീരങ്ങളില്‍ ചെളി അടിയാനുളള സാധ്യതയും കള്ളക്കടല്‍ പ്രതിഭാസത്തിലൂടെ ഉണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതേ പറ്റി കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണെന്നും വിദഗ്ധര്‍ പറയുന്നു. ലക്ഷദ്വീപ് പോലുള്ള ദ്വീപ്സമൂഹങ്ങളെയാണ് കളളക്കടല്‍ ഗുരുതരമായി ബാധിക്കുകയെന്നും വിലയിരുത്തപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല