സ്വന്തം ലേഖകൻ: കേരളത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയിൽവേ. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വെെകീട്ട് മംഗലാപുരത്തേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിനായി രണ്ട് റൂട്ടുകൾ പരിഗണനയിലുണ്ട്. മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-എറണാകുളം റൂട്ടുമാണ് നിലവിൽ പരിഗണനയിൽ. ഇവയിൽ മംഗലാപുരം-തിരുവനന്തപുരം പ്രാവർത്തികമാക്കണമെങ്കിൽ രണ്ട് റേക്കുകൾ ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ.
പ്രധാനപ്പെട്ട രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കാമെന്ന ആശയം മുൻനിർത്തി ഗോവ-എറണാകുളം റൂട്ടും ദക്ഷിണറെയിൽവേ പരിഗണിച്ചിരുന്നു. എന്നാൽ ഒരു റേക്ക് ഉപയോഗിച്ച് ഈ സർവീസ് പ്രായോഗികമാവില്ലെന്ന വിലയിരുത്തലിനെ തുടർന്ന് റൂട്ട് ഉപേക്ഷിക്കുകയായിരുന്നു.
30 വന്ദേ ഭാരത് ട്രെയിനുകൾ നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്നുണ്ട്. ഇതിനുപുറമെ മൂന്ന് പുതിയ റേക്കുകൾ കൂടെ റെയിൽവേ പുതിയതായി അനുവദിച്ചിട്ടുണ്ട്. ഇവയിൽ ഒരു റേക്കാണ് നിലവിൽ സംസ്ഥാനത്തിന് നൽകിയിരിക്കുന്നത്.
രാവിലെ തിരുവനന്തപുരത്ത് നിന്ന് കാസർകോടെത്തി രാത്രി മടങ്ങിയെത്തുന്നതാണ് നിലവിലെ സർവീസ്. സംസ്ഥാനത്തിന് രണ്ടാമത്തെ ട്രെയിൻ ഓണത്തോട് അനുബന്ധിച്ച് അനുവദിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടാമത് വന്ദേഭാരത് അനുവദിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാർക്കുൾപ്പെടെയുള്ള പരിശീലനം ചെന്നൈയിൽ നേരത്തെ ആരംഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല