![](https://www.nrimalayalee.com/wp-content/uploads/2020/01/Silver-Line-Kerala-Arial-Survey.jpg)
സ്വന്തം ലേഖകൻ: സിൽവർ ലൈനിന് ഇപ്പോള്‍ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാർലമെന്‍റില്‍. ഡിപിആർ പൂർണമല്ലെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ പാര്‍ലമെന്‍റില്‍ പറഞ്ഞു. പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല. സാങ്കേതികമായും സാമ്പത്തികമായും എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തത ഇല്ല. സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികൾ മാത്രമാണ് കേരള സർക്കാർ സ്വീകരിച്ചതെന്നും റെയിൽവെ മന്ത്രി അറിയിച്ചു. എൻ കെ പ്രേമചന്ദ്രന്‍റെയും കെ മുരളീധരന്‍റെയും ചോദ്യത്തിനാണ് റെയില്‍വെ മന്ത്രി മറുപടി നൽകിയത്.
സാങ്കേതികമായ പ്രായോഗികതയ്ക്ക് ആവശ്യമായ വിശദാംശങ്ങൾ ഡിപിആറിൽ ലഭ്യമല്ല. അലൈൻമെന്റ് പ്ലാൻ, റെയിൽവേ-സ്വകാര്യ ഭൂമികളെ കുറിച്ചുള്ള വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃഖലയ്ക്ക് മുകളിലുള്ള ക്രോസോവർ തുടങ്ങിയവയിൽ പൂർണ വിവരങ്ങൾ ആവശ്യമാണ്. സാങ്കേതിക മാനദണ്ഡങ്ങൾ പൂർത്തീകരിച്ച ശേഷം സാമ്പത്തിക ക്ഷമതയും പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
കാസർകോട് മുതൽ കൊച്ചു വേളി വരെ 532 കി.മി നീളുന്ന സെമി ഹൈസ്പീഡ് റെയിൽ ഇടനാഴിയാണ് സിൽവർ ലൈൻ പദ്ധതി. മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാനാകും. അങ്ങനെ വന്നാൽ നാല് മണിക്കൂറിൽ കുറഞ്ഞ സമയം കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്താം.
അതിനിടെ കേന്ദ്ര ബജറ്റിൽ വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ- റെയിൽ പദ്ധതിയിൽ പുനഃപരിശോധന ആവശ്യമാണെന്ന് ശശി തരൂർ എംപി. നേരത്തെ കോൺഗ്രസ് കെ- റെയിലിനെ എതിർത്ത് രംഗത്തെത്തിയപ്പോഴും വ്യത്യസ്ത നിലപാട് സ്വീകരിച്ച നേതാവാണ് ശശി തരൂർ. ഇതിനെതിരെ പാർട്ടി നേതൃത്വം ഒന്നടങ്കം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനം ഉണ്ടായപ്പോഴാണ് തരൂർ കെ- റെയിലിൽ പരിശോധന ആവശ്യമാണെന്ന് പറഞ്ഞത്.
വന്ദേഭാരത് ട്രെയിനുകൾ കെ റെയിലിനേക്കാൾ ചെലവ് കുറഞ്ഞതും ഊർജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരൂർ പറഞ്ഞത്. ഇന്നവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണെന്ന് പറഞ്ഞുകൊണ്ടാണ് തരൂർ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല