ലണ്ടന്‍ : പ്രവാസി മലയാളികള്‍ കേരള സംസ്ഥാനത്തിന്റെ ഊര്‍ജ്ജ സ്രോതസ്സുകളായി പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള നിസ്തുല സേവനമാണ് നടത്തുന്നതെന്ന് കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ഇന്നലെ ലണ്ടനില്‍ ഒ.ഐ.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലയാളി സമൂഹത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും കേരള സംസ്ഥാനം സാമ്പത്തികമായി പിടിച്ചു നിന്നിട്ടുള്ളത് ഗള്‍ഫിലെ പൊരിവെയിലിനോടും യൂറോപ്പിലെയും അമേരിക്കയിലെയുമൊക്കെ കനത്ത മഞ്ഞിനോടും മല്ലടിച്ച് ജീവിതം കെട്ടിപ്പടുത്ത പ്രവാസിമലയാളികള്‍ കഠിനാധ്വാനത്തിലൂടെ നേടിയ സമ്പാദ്യം നാട്ടിലേയ്ക്ക് എത്തിച്ചതിലൂടെയാണെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
പ്രവാസി മലയാളികള്‍ സംസ്ഥാനത്തിന് നല്‍കിവരുന്ന സാമ്പത്തിക രംഗത്ത് ഉള്‍പ്പെടെയുള്ള പിന്തുണ വിലമതിയ്ക്കാനാവാത്തതാണെന്നും അദ്ദേഹം വിലയിരുത്തി. മുന്‍പും പലവട്ടം ബ്രിട്ടണിലെത്തിയിട്ടുണ്ടെങ്കിലും ഇത്രയും ഹൃദ്യമായ ഒരു സ്വീകരണം ലഭിക്കുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ ലണ്ടനിലെ ഗ്രേറ്റ് റസ്സല്‍ സ്ട്രീറ്റിലെ ഹോട്ടല്‍ മലബാര്‍ ജങ്ക്‌ഷനില്‍ ഇന്നലെ വൈകിട്ട് നടന്ന സ്വീകരണത്തില്‍ ഒ.ഐ.സി.സിയുടെ പ്രതിനിധികള്‍ക്കൊപ്പം മലയാളി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരും പങ്കെടുത്തു. യോഗത്തില്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ അധ്യക്ഷനായിരുന്നു. കെ.എസ്. ജോണ്‍സണ്‍ സ്വാഗതപ്രസംഗം നടത്തി. ശ്രീ. ജി.കാര്‍ത്തികേയനൊപ്പം കെ.എസ്.യു സംസ്ഥാനകമ്മറ്റിയില്‍ ട്രഷററായിരുന്ന തമ്പി ജോസ്, ലിവര്‍പൂള്‍ മുഖ്യപ്രഭാഷകനായിരുന്നു. ഗിരി മാധവന്‍, കെ.കെ മോഹന്‍ദാസ്, ഇഗ്‌നേഷ്യസ് ബര്‍മിങ്‌ഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തോമസ് പുളിക്കല്‍ നന്ദി രേഖപ്പെടുത്തി.
യുക്‌മ ദേശീയ നേതാക്കളായ വര്‍ഗീസ് ജോണ്‍, അബ്രാഹം ലൂക്കോസ്, വിജി.കെ.പി, ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് എന്നിവരും, സീറോ മലബാര്‍ സഭാ യു.കെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടി, പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാവ് ടോമിച്ചന്‍ കൊഴുവനാല്‍, ഒ.ഐ.സി.സി നേതാക്കളായ ജിയോമോന്‍ ജോസഫ്, ജെയ്‌സണ്‍ ജോര്‍ജ്, റെഞ്ചി വര്‍ക്കി, സോബന്‍ തലയ്ക്കല്‍, ബിനു കുര്യാക്കോസ് എന്നിവര്‍ ഉള്‍പ്പെടെ അമ്പതോളും പേര്‍ സ്വീകരണത്തിന് എത്തിയിരുന്നു.
ഞായറാഴ്‌ച്ച വൈകിട്ട് ഹീത്രൂ വിമാനത്താവളത്തിലെത്തിയ ശ്രീ ജി.കാര്‍ത്തികേയന് ഒ.ഐ.സി.സിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കിയിരുന്നു. കെ.കെ. മോഹന്‍ദാസ്, ഗിരി മാധവന്‍, ജെയ്‌സണ്‍ ജോര്‍ജ്, ബിജു ഗോപിനാഥ്, റോബര്‍ട്ട് ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല