1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2023

സ്വന്തം ലേഖകൻ: വരുമാന വർധന ലക്ഷ്യമിട്ട് ഇന്ധനത്തിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വാഹന, കെട്ടിട നികുതിയും വര്‍ധിപ്പിച്ചും ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ്. ഇതോടെ വില വർധനയെന്ന ആശങ്കയിലേക്കു നീങ്ങുകയാണു ജനം. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തും. മദ്യത്തിന് അധിക സെസ് ഏർപ്പെടുത്തിയതോടെ 20 മുതല്‍ 40 രൂപ വരെ വില കൂടും.

ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ സമഗ്രമായി പരിഷ്‌കരിക്കും. കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് വധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് കെട്ടിട നമ്പര്‍ ലഭിച്ച ആറ് മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ളാറ്റ്, അപ്പാര്‍ട്ട്മെന്റ് എന്നിവയ്ക്കുള്ള മുദ്രവില രണ്ടു ശതമാനം വര്‍ധിപ്പു. മുദ്രവില നേരത്തെ അഞ്ച് ശതമാനമായി കുറച്ചിരുന്നു. ഇത് ഏഴ് ശതമാനമായാണ് ഉയര്‍ത്തിരിക്കുന്നത്. ആധാരം രജിസ്റ്റര്‍ ചെയ്ത് മൂന്നു മാസത്തിനകമോ ആറു മാസത്തിനകമോ നടത്തപ്പെടുന്ന തീറാധാരങ്ങള്‍ക്കു നിലവിലുള്ള അധിക മുദ്രവില ഒഴിവാക്കും.

അതേസമയം, വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി ബജറ്റില്‍ വകയിരുത്തി. കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും വെല്ലുവിളികളെ നേരിടാന്‍ സാധിച്ചുവെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. ക്ഷേമ,വികസന പദ്ധതികള്‍ക്കായി 100 കോടി രൂപ നീക്കിവച്ചു 2023-24 സംസ്ഥാന ബജറ്റ്. സംസ്ഥാനം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നു ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കേരളം കടക്കെണിയില്‍ അല്ല. കൂടുതല്‍ വായ്പയെടുക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. കേന്ദ്രം ധനകാര്യ ഇടങ്ങള്‍ വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും. വിഴിഞ്ഞം തുറമുഖം വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ധനമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായിക ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി അനുവദിച്ചു. കെ ഫോണ്‍ പദ്ധതിക്ക് 100 കോടി രൂപയും ലൈഫ്മിഷന്‍ പദ്ധതിക്ക് 1436 കോടി രൂപയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും വകയിരുത്തി.

പൊതുജനാരോഗ്യത്തിന് 2828.33 കോടിയും വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടിയും നീക്കിവച്ചു. യുവതലമുറയ്ക്കു തൊഴിലവസരം ലഭ്യമാക്കി കേരളത്തില്‍ നിലനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്നും ഇതിനായി ഈ വര്‍ഷം 100 കോടി രൂപ അനുവദിക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി പരിഷ്‌കരിക്കും. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ പരിഷ്‌കരിക്കും. സമഗ്രമായ പരിഷ്‌കരണം നടപ്പിലാക്കും. ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേക നികുതി ചുമത്തുന്നതിനുള്ള അനുയോജ്യരീതി നടപ്പിലാക്കും.

ഇതിലൂടെ കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ നികുതി പരിഷ്‌കരണം നടപ്പാക്കുമെന്നും ഇതുവഴി 1000 കോടി രൂപയുടെ അധിക വരുമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.നികുതികള്‍ കൂട്ടിയതിനൊപ്പം പെട്രോള്‍ ഡീസല്‍ വില വര്‍ധനയും കൂടിയാകുമ്പോള്‍ ജനങ്ങള്‍ക്ക് മേല്‍ ഭാരം വര്‍ധിക്കും.

കഴിഞ്ഞ 20 വർഷത്തിനിടെ നികുതി പരിഷ്കരണത്തിലൂടെ ഇത്രയും വലിയ വിഭവ സമാഹരണത്തിന് സംസ്ഥാന സർക്കാർ തുനിഞ്ഞിട്ടില്ല. 3,000 കോടി രൂപയ്ക്കടുത്തുള്ള തുകയാണ് നികുതി വർധനയിലൂടെ സർക്കാർ അധികമായി പ്രതീക്ഷിക്കുന്നത്. കൂടാതെ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർധിപ്പിക്കുമെന്ന പ്രതീക്ഷ പാഴായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.