സ്വന്തം ലേഖകൻ: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നേട്ടം കൊയ്ത് ബ്ലെസി ചിത്രം ‘ആടുജീവിതം’. ചിത്രത്തിലെ പ്രകടനത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി. ബ്ലെസിയാണ് മികച്ച സംവിധായകൻ. ജനപ്രിയ ചിത്രമായും ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മരുഭൂമിയിലെ നജീബിൻ്റെ യാതനകൾ ഒപ്പിയെടുത്ത സുനിൽ കെ. എസ് ആണ് മികച്ച ഛായാഗ്രാഹകൻ. മികച്ച തിരക്കഥയ്ക്കുളള പുരസ്കാരവും ( അവലംബിത തിരക്കഥ) ആടുജീവിതത്തിലൂടെ ബ്ലെസി സ്വന്തമാക്കി.
ചിത്രത്തിൽ ഹക്കീമായി വേഷമിട്ട കെ.ആർ ഗോകുൽ പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി. മേക്കപ്പിന് രഞ്ജിത് അമ്പാടിക്കും പുരസ്കാരമുണ്ട്. റസൂൽ പൂക്കുട്ടി, ശരത് മോഹൻ എന്നിവർ ശബ്ദമിശ്രണത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. 2008-ൽ ആരംഭിച്ച ‘ആടുജീവിതം’ വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.
ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തിയത് അമല പോളാണ്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിനും പുരസ്കാര നിറവ്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ആനന്ദ് ഏകർഷി സംവിധാനം ‘ആട്ടം’ സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ‘ആട്ടം’ നേടി.
മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം ആട്ടത്തിലൂടെ മഹേഷ് ഭുവനേന്ദ് സ്വന്തമാക്കി. തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’യാണ് മികച്ച മലയാളം ചിത്രം. മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രീപഥ് യാൻ മികച്ച ബാലതാരമായി.
മലയാളത്തിന് അഭിമാനമായി മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനോൻ സ്വന്തമാക്കി. ധനുഷ് നായകനായെത്തിയ ‘തിരുച്ചിത്രാമ്പലം’ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. സൗദി വെള്ളക്കയിലെ ഗാനാലാപനത്തിന് ബോംബെ ജയശ്രീ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി.
മലയാളിയായ ജോഷി ബെനഡിക്റ്റ് സംവിധാനം ചെയ്ത ‘എ കോക്കനട്ട് ട്രീ’യാണ് മികച്ച ആനിമേഷൻ ചിത്രം. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തതും മലയാളികൾക്ക് അഭിമാനമായി.
സെറിന്‍ ശിഹാബ്, വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവരോടൊപ്പം 9 പുതുമുഖങ്ങളുമായി എത്തിയ ചിത്രമാണ് ‘ആട്ടം’. അനുരുദ്ധ് അനീഷാണ് ചിത്രത്തിൻ്റെ ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്. രംഗനാഥ് രവിയായിരുന്നു സൗണ്ട് ഡിസൈന്‍. ബേസില്‍ സി.ജെയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും തയ്യാറാക്കിയിട്ടുള്ളത്.
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സൗദി വെള്ളക്ക. ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറഞ്ഞത്. ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാർഥ് ശിവ,ബിനു പപ്പു,സുജിത്ത് ശങ്കർ, ഗോകുലന്‍, ശ്രിന്ധ,റിയ സെയ്റ,ധന്യ, അനന്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല