വര്‍ണവെളിച്ചത്തിന്റെ പ്രഭയൊലി വിതറിയ താരനിശയുടെ അടമ്പടിയോടെ 41-ാം സംസ്‌ഥാന ചലചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. 10 വര്‍ഷത്തിനു ശേഷം വിരുന്നെത്തിയ ചലചിത്രഅവാര്‍ഡ് വിതരണച്ചടങ്ങിനെ മലബാറിന്റെ സാംസ്‌കാരിക തലസ്‌ഥാനം ഉത്സവ പ്രതീതിയോടെയാണ് വരവേറ്റത്. തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി സംസ്‌ഥാന ചലചിത്ര അവാര്‍ഡ് ദാനച്ചടങ്ങിന്റെ ഉദ്‌ഘാടനവും അവാര്‍ഡ്‌ദാനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ അക്കാദമി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തമിഴ് സൂപ്പര്‍താരം സൂര്യയും നടന്‍ ദിലീപും മുഖ്യാതിഥികളായിരുന്നു. സുവനീര്‍ പ്രകാശനം എം.കെ. രാഘവന്‍ എം.പി. ഗാന്ധിമതി ബാലനു നല്‍കികൊണ്ടു നിര്‍വഹിച്ചു.
കോഴിക്കോടിന്റെ സ്‌നേഹോപഹാരം നടന്‍ സൂര്യയ്‌ക്കു ഫിയാഫ് സീനിയര്‍ വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ സമ്മാനിച്ചു. നടന്‍ ദിലീപ്, സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം കെ മുനീര്‍, എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ, കെ.എം. ഷാജി എം.എല്‍.എ, ജില്ലാ കലക്‌ടര്‍ ഡോ. പി.ബി. സലീം, സാജന്‍ പീറ്റര്‍, ബുദ്ധദേവ് ദാസ് ഗുപ്‌ത, ഒ.കെ. ജോണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങില്‍ മികച്ച നടനുള്ള അവാര്‍ഡ് സലിം കുമാറും(ആദാമിന്റെ മകന്‍ അബു) നടിക്കുള്ള അവാര്‍ഡ് കാവ്യാ മാധവനും(ഗദ്ദാമ) സംവിധായകനുള്ള അവാര്‍ഡ് ശ്യാമപ്രസാദും(ഇലക്‌ട്ര) ഏറ്റുവാങ്ങി. മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കൃഷ്‌ണ പത്മകുമാറിനും മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് മംമ്‌താ മോഹന്‍ദാസിനും മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് ബിജു മേനോനും മുഖ്യമന്ത്രി സമ്മാനിച്ചു.
മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് സലീം അഹമ്മദ് ഏറ്റുവാങ്ങി. മികച്ച കഥാചിത്രത്തിനുള്ള അവാര്‍ഡ് ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍ സലിം അഹമ്മദും നിര്‍മാതാവ് അഷ്‌റഫ് ബേദിയും മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി.
മറ്റു അവാര്‍ഡു ഏറ്റുവാങ്ങിയവര്‍:
ഹരിഹരന്‍(മികച്ച പിന്നണി ഗായകന്‍), രാജലക്ഷ്‌മി(പിന്നണി ഗായിക), എം.ജയചന്ദ്രന്‍ ( സംഗീത സംവിധായകന്‍), ഐസക് തോമസ് കൊട്ടുകാപ്പള്ളി (പശ്‌ചാത്തല സംഗീതം), റഫീക്ക് അഹമ്മദ്(ഗാനരചയിതാവ്), ഷഹനാദ് ജലാല്‍, എം.ജെ. രാധാകൃഷ്‌ണന്‍ (ഛായാഗ്രാഹകര്‍), മോഹന്‍ ശര്‍മ്മ(കഥാകൃത്ത്) ,എന്‍.വി. സുജിത്ത്‌കുമാര്‍, ഡോ. ബിജു (സിനിമാ ലേഖനം) , ജോസ് കെ. മാനുവല്‍, പി.എസ്. രാധാകൃഷ്‌ണന്‍ (സിനിമാ ഗ്രന്ഥം), കെ. നാരായണന്‍, മീനാദാസ് നാരായണന്‍ (ഡോക്യുമെന്ററി നിര്‍മാതാക്കള്‍), നടന്‍ തലൈവാസല്‍ വിജയ്( പ്രത്യേക ജൂറി പരാമര്‍ശത്തിനുള്ള അവാര്‍ഡ്),വിപിന്‍ വിജയ് (പ്രത്യേക ജൂറി അവാര്‍ഡ്), മധു ഗോപിനാഥ്, സജീവ് വക്കം (കോറിയോഗ്രാഫര്‍), റിസബാവ, പ്രവീണ (ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ്), എസ.്‌ബി. സതീശന്‍ (വസ്‌ത്രാലങ്കാരം), പട്ടണം റഷീദ് (മേക്കപ്പ് ), ശുഭദീപ് സെന്‍ ഗുപ്‌ത, അജിത് എം. ജോര്‍ജ് (ശബ്‌ദലേഖനം), കെ. കൃഷ്‌ണന്‍കുട്ടി (കലാസംവിധായകന്‍), സോബിന്‍ കെ. സോമന്‍ (ചിത്രസംയോജകന്‍). നവാഗതസംവിധായകനുള്ള അവാര്‍ഡ് അന്തരിച്ച മോഹന്‍ രാഘവനു വേണ്ടി മാതാവ് അമ്മിണി ഏറ്റുവാങ്ങി. മികച്ച ക്ലാസിക്കല്‍ സിംഗറിനുള്ള അവാര്‍ഡ് ഡോ. ബാലമുരളീകൃഷ്‌ണയ്‌ക്കു വേണ്ടി ശിഷ്യന്‍ വിനീതും മികച്ച ഹാസ്യനടനുള്ള അവാര്‍ഡ് സുരാജ് വെഞ്ഞാറമൂടിന് വേണ്ടി സഹോദരനും ഏറ്റുവാങ്ങി.
കാനേഷ് പൂനൂര്‍ രചിച്ചു തേജ് സംഗീതം പകര്‍ന്ന കോഴിക്കോടിനെക്കുറിച്ചുള്ള വരവേല്‍പ്പ് ഗാനത്തോടെയാണു കലാസന്ധ്യയ്‌ക്ക് തുടക്കമായത്. പ്രശസ്‌ത പിന്നണിഗായകരായ ഹരിഹരന്‍, കാര്‍ത്തിക്, മധുബാലകൃഷ്‌ണന്‍, ശ്വേതാമോഹന്‍, രാജലക്ഷ്‌മി, അഫ്‌സല്‍, സുധീപ്‌കുമാര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച സംഗീത നിശയും പ്രശസ്‌ത ഡാന്‍സ് മാസ്‌റ്റര്‍ ശാന്തി കൊറിയോഗ്രാഫി ചെയ്‌തു ഭാവന, വിനീത്‌കുമാര്‍, മണിക്കുട്ടന്‍, രമ്യാ നമ്പീശന്‍, ഷംനകാസിം, മല്ലിക എന്നിവര്‍ അവതരിപ്പിച്ച നൃത്തപരിപാടിയും ആസ്വാദകരെ ആവേശത്തിമിര്‍പ്പിലാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല