1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2022

സ്വന്തം ലേഖകൻ: തെരുവുനായ ശല്യത്തില്‍നിന്ന് പൗരന്‍മാര്‍ക്കു സംരക്ഷണം നല്‍കാനുളള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നു ഹൈക്കോടതി. പ്രശ്നത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. പ്രശ്‌നപരിഹാരത്തിനു സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കി വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണു കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍, കോടതിയുടെ പരിഗണനയിലുള്ള കേസില്‍ പ്രത്യക സിറ്റിങ് നടത്തിയാണു നടപടി. സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. കോടതിയുടെ മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ തെരുവുനായ്ക്കളുടെ വസ്യംകരണത്തിനും അഭയ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണം.

അതേസമയം, നിയമം കയ്യിലെടുത്ത് നായകളെ അടിച്ചുകൊല്ലുന്നത് അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. നായ്ക്കളെ കൊല്ലുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ പൗരന്‍മാരെ നിരുത്സാഹപ്പെടുത്തി അടിയന്തര ഉത്തരവിറക്കാന്‍ പൊലീസ് മേധാവിക്കു കോടതി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 20 മുതല്‍ വാക്സിനേഷന്‍ യജ്ഞം നടത്താന്‍ ഒരുങ്ങുകയാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കോവിഡ് മഹാമാരിയെ നേരിട്ട രീതിയിലാകും തെരുവുനായ പ്രശ്നവും നേരിടുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ സുപ്രീം കോടതിയുടെ അനുവാദം തേടുമെന്നു തദ്ദേശ മന്ത്രി എം ബി രാജേഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

പേവിഷബാധ പ്രതിരോധത്തിനായി നായകള്‍ക്ക് ഓറല്‍ വാക്സിനേഷന്‍ നല്‍കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജനപങ്കാളിത്തത്തോടെ വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യമിടുന്നത്. നായകളെ പിടികൂടുന്നതിനായി പരിശീലനം നല്‍കും. പ്രതിരോധ നടപടികള്‍ക്കായി കുടുംബശ്രീയുടെയും കോവിഡ് പ്രതിരോധസേനയുടെയും സഹായം തേടും.

തെരുവുനായ ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകള്‍ മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും കടിയേറ്റതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്പോട്ടുകള്‍ നിര്‍ണയിച്ചിരിക്കുന്നത്. ഇത്തരം മേഖലകളില്‍ തെരുവുനായകള്‍ക്കായി ഷെല്‍ട്ടര്‍ ആരംഭിക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.