സെലിബ്രിറ്റി ക്രിക്കറ്റിലേക്കുള്ള കേരള സ്ട്രൈക്കേഴ്സിന്‍റെ ചുവടുവയ്പ്പ് ഗംഭീരം. പഴയ പടക്കുതിരകളെ കീഴടക്കി മോളിവുഡിലെ യുവതാരങ്ങള്‍ കളത്തിലെയും ഹീറോകളായി. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന 20 ട്വന്‍റി മത്സരത്തില്‍ മലയാള ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് ടീം കേരള സ്ട്രൈക്കേഴ്സ് പഴയകാല രഞ്ജി താരങ്ങളടങ്ങിയ കൊച്ചിന്‍ വെറ്ററന്‍സിനെ 21 റണ്‍സിനു കീഴടക്കി. ടോസ് നേടിയ കൊച്ചിന്‍ വെറ്ററന്‍സ് ക്യാപ്റ്റന്‍ ജയേഷ് ജോര്‍ജ് സ്ട്രൈക്കേഴ്സിനെ ബാറ്റിങ്ങിനയച്ചു. സ്ട്രൈക്കേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് എടുത്തു. വെറ്ററന്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സിലൊതുങ്ങി.
കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്‍ മോഹന്‍ലാലും വൈസ് ക്യാപ്റ്റന്‍ ഇന്ദ്രജിത്തും കളിക്കാനിറങ്ങിയില്ല. പകരം ബാല ടീമിനെ നയിച്ചു. ബാലയും വിവേക് ഗോപനുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ബാല എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി തുടക്കത്തിലേ പുറത്തായി. പിന്നെ പുതുമുഖ താരങ്ങളായ വിവേകിന്‍റെയും രാജീവ് പിള്ളയുടെയും കൂട്ടുകെട്ട് സ്ട്രൈക്കേഴ്സിനെ മുന്നോട്ടു നയിച്ചു.
വെറ്ററന്‍സ് ബൗളര്‍മാരെ കടന്നാക്രമിച്ച് 52 റണ്‍സെടുത്ത വിവേക് മാന്‍ ഒഫ് ദ മാച്ച്. രാജീവ് 45 റണ്‍സെടുത്തു. മുന്ന (0) നിഖില്‍ (5), പ്രജോദ് കലാഭവന്‍ (4), സൈജു കുറുപ്പ് (7) എന്നിവര്‍ തിളങ്ങിയില്ല. നവീന്‍ പോളി, വിനു മോഹന്‍, രജത് മേനോന്‍ എന്നിവരും ടീമിലുണ്ടായിരുന്നു. മുന്‍കാല രഞ്ജി താരങ്ങളെ സംഘടിപ്പിച്ച് കേരള സ്ട്രൈക്കേഴ്സിനു പരിശീലന മത്സരം കളിക്കാന്‍ സൗരകര്യമൊരുക്കിയത് കെസിഎയാണ്. ജയേഷ് ജോര്‍ജ്, സതീഷ്, എഡ്വിന്‍, എം.ജി. ജയന്‍, അജിത്ത് പട്ടത്ത്, ജി. ഗോപകുമാര്‍, പി. ജയരാജ്, എം.ജി. ജോഗി, ജിത്ത് എ. ഭട്ട്, മോബി തോമസ്, സജീബ്, ആനന്ദ് എന്നിവര്‍ വെറ്ററന്‍സിനുവേണ്ടി കളത്തിലിറങ്ങി.
കോളിവുഡിലും ബോളിവുഡിലും കഴിഞ്ഞ വര്‍ഷം താര ക്രിക്കറ്റ് ടീം രൂപീകരിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണു താരസംഘടന അമ്മയുടെ നേതൃത്വത്തില്‍ മലയാള സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ടീം രൂപീകരിച്ചത്. ജനുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബംഗാള്‍ ടൈഗേഴ്സിനെ കേരള സ്ട്രൈക്കേഴ്സ് നേരിടും.
ചെന്നൈ, ഷാര്‍ജ, ബംഗളൂരു എന്നിവിടങ്ങളിലും മത്സരങ്ങളുണ്ട്. ട്വന്‍റി 20 മാതൃകയിലായിരിക്കും കളികള്‍. ഇടവേള ബാബുവാണ് സ്ട്രൈക്കേഴ്സ് ടീം മാനെജര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല