സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൂടിന്റെ ആഘാതം കൂടി ഉഷ്ണതരംഗസമാനസ്ഥിതിയിലേക്ക്. പത്തിലധികം സ്ഥലത്ത് തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസിലേറെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ അന്തരീക്ഷ ഉൗഷ്മാവിനേക്കാൾ നാലരഡിഗ്രിയോ അതിന് മേലെയോവരെ വർധനയുണ്ടായാൽ ഉഷ്ണതരംഗമായി കണക്കാക്കാം. സംസ്ഥാനത്ത് പലയിടത്തും മൂന്നരഡിഗ്രിക്ക് മുകളിൽവരെ റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇത് ഇനിയും കൂടിയാൽ ഉഷ്ണതരംഗത്തിലേക്കെത്തും.
ഇന്ത്യൻ കാലാവസ്ഥാവകുപ്പ് കേരളത്തിൽ ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും ആ അവസ്ഥയിലേക്കാണ് പോകുന്നത്. സ്വയം നിയന്ത്രിത കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ തുടർച്ചയായി പലയിടത്തും 40-ന് മുകളിൽ ചൂട് കാണിക്കുന്നു. ചിലയിടത്ത് ഇത് 42 വരെയൊക്കെ പോകുന്നുണ്ട്.
ഉഷ്ണതരംഗസമാനമായ അന്തരീക്ഷത്തിലേക്ക് മാറുന്നുവെന്ന സൂചനകളാണ് അന്തരീക്ഷപഠനത്തിൽനിന്ന് വ്യക്തമാകുന്നതെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു.
അന്തരീക്ഷത്തിൽ എതിർച്ചുഴലി എന്നപേരിൽ അറിയപ്പെടുന്ന ഘടികാരദിശയിലുള്ള വായുചലനമാണ് ചൂടുകൂടാനുള്ള പ്രധാനകാരണം. 2500 കിലോമീറ്റർ വിസ്തൃതിയിലാണ് ഇതിന്റെ ഇപ്പോഴത്തെ പ്രഭാവം. മധ്യഇന്ത്യയിലും കേരളത്തിലും ചൂടേറ്റുന്നനിലയിലാണ് ഇപ്പോഴിതുള്ളത്.
എതിർച്ചുഴലി കാരണം മേലേത്തട്ടിൽനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വായു വരുകയാണ് ചെയ്യുക. ഇത് ഭൂപ്രതലത്തിൽ മർദം കൂട്ടി സമ്മർദതാപനം ഉണ്ടാക്കുന്നു. ഒപ്പം താഴെയുള്ള ചൂടുവായു മേലേക്ക് ഉയർന്നുപോകാതെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഭൂപ്രതലത്തിൽ ചൂടിന്റെ ഇരട്ടി ആഘാതം ഉണ്ടാക്കും.
അറബിക്കടലിൽ താപനില ഉയരുന്നതാണ് രണ്ടാമത്തെ കാരണം. പലയിടത്തും 30 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സാധാരണ താപനില 28-29 ഡിഗ്രിയാണ്. അര ഡിഗ്രിമുതൽ ഒന്നര ഡിഗ്രിവരെയാണ് പലയിടത്തും വർധന. വേനൽമഴ പലയിടത്തും ഇതേവരെ ലഭിക്കാത്തതാണ് ചൂട് കൂടാനുള്ള മൂന്നാമത്തെ കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല