അപ്പച്ചന്‍ കണ്ണഞ്ചിറ
കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളിന് ബ്രിട്ടനില്‍ ദേശീയ അംഗീകാരം. ബ്രിട്ടനിലെ സപ്ലിമെന്ററി സ്‌കൂളുകളുടെ ഗുണനിലവാരവും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്ന നാഷണല്‍ റിസോഴ്‌സ് സെന്റര്‍ ഫോര്‍ സപ്ലിമെന്ററി എഡ്യുക്കേഷന്റെ ഗുണനിലവാരത്തിനും പ്രവര്‍ത്തന മികവിനുള്ള ബ്രോണ്‍സ് അവാര്‍ഡ് ആണ് ഇപ്‌സ്‌വിച്ച് കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളിന് ലഭിച്ചിരിക്കുന്നത്.
രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ഇത് മൂന്നാമത്തെ അംഗീകാരമാണെന്ന് സ്‌കൂള്‍ സെക്രട്ടറി ടോമി സെബാസ്റ്റിയന്‍ അറിയിച്ചു. ഇതിന് മുമ്പ് സഫോക് ചില്‍ഡ്രന്‍സ് യൂണിവേഴ്സിറ്റി അവാര്‍ഡ്, യംഗ് സഫോക് അവാര്‍ഡ് എന്നിവ ലഭിച്ചിരുന്നു.
40 കുട്ടികളാണ് ഇപ്പോള്‍ സ്‌കൂളില്‍ ഉള്ളത്. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഇപ്‌സ്‌വിച്ചിലുള്ള സെന്റ് ആല്‍ബെന്‍സ് ഹൈസ്‌കൂളിലാണ് ക്ലാസുകള്‍. ഡാന്‍സ്, ഇംഗ്ലീഷ്, മലയാളം ഭാഷാ പഠനം, റീഡിംഗ് ക്യാമ്പ് , വ്യക്തിത്വ വികസന നേതൃത്വ പരിശീലനം, വിദ്യാഭ്യാസ യാത്രകള്‍, കരോട്ടെ ക്ലാസുകള്‍ തുടങ്ങിയവയാണ് സ്കൂളിന്റെ പ്രധാന പ്രവര്‍ത്തന പരിപാടികള്‍. ഇതോടൊപ്പം ഗവണ്‍മെന്റ്, മറ്റ് കമ്യൂണിറ്റി വിഭാഗങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് കമ്യൂണിറ്റി പ്രോജക്ടുകള്‍ നടത്തുന്നുണ്ട്.
മേയ് 12ന് നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ സെന്റര്‍ ഫോര്‍ സപ്ലിമെന്ററി എജ്യൂക്കേഷന്‍ പ്രതിനിധിയില്‍നിന്നും സ്‌കൂള്‍ ചെയര്‍മാന്‍ ബിജുമോന്‍ മാത്യു അവാര്‍ഡ് ഏറ്റുവാങ്ങി. കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും ഈസ്റ്റ് ആംഗ്ലിയന്‍ ഡയിലിടൈംസും സഫോക് കൗണ്ടി കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന മാത്സ് ചലഞ്ച് പ്രൊജക്ടിന്റെ ഉദ്ഘാടനം കോ-ഓര്‍ഡിനേറ്റര്‍ റോസി കാസില്‍ നിര്‍വഹിച്ചു.
പ്രൈമറി വിദ്യാര്‍ഥികള്‍ക്കിടയില്‍ വായനാശീലവും ഗണിതശാസ്ത്ര താല്‍പ്പര്യവും വളര്‍ത്തുന്നതിനാണ് ഈ പ്രോജക്ട്. ഗവണ്‍മെന്റ് സ്കൂളില്‍ മാത്രം നടത്തുന്ന പ്രസ്തുത പ്രോജക്ട് കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളിന് ലഭിച്ചത് സ്കൂളിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം ആണ്.മേയ് 12 മുതല്‍ ജൂലൈ 15 വരെ നടക്കുന്ന ഈ പ്രോജക്ടില്‍ 25 കുട്ടികളാണ് പങ്കെടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല