സ്വന്തം ലേഖകന്‍: രാജ്യത്തെ ഭരണനിര്‍വഹണ പട്ടികയില്‍ കേരളം ഒന്നാമത്; ഏറ്റവും പിന്നില്‍ ബിഹാര്‍. പബ്ലിക് അഫയേഴ്‌സ് സെന്ററാണ് കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടിക പുറത്തുവിട്ടത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഭരണ നിര്‍വഹണത്തില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ച പട്ടികയില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം തവണയാണ് തുടര്‍ച്ചയായി കേരളം ഒന്നാമതെത്തുന്നത്.
തമിഴ്‌നാട് രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തും കര്‍ണാടകം നാലാം സ്ഥാനത്തുമുണ്ട്. മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ളത്. സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങള്‍ പഠിച്ചും സര്‍ക്കാര്‍ രേഖകള്‍ അടിസ്ഥാനപ്പെടുത്തിയുമാണ് പട്ടിക തയാറാക്കിയത്. 30 പ്രധാന വിഷയങ്ങളാണ് പട്ടിക തയാറാക്കാനായി തെരഞ്ഞെടുത്തത്. നൂറോളം സൂചകങ്ങളും പഠിച്ചു.
സാമ്പത്തിക വിദഗ്ധനായ സാമുവല്‍ പോള്‍ രണ്ടുപതിറ്റാണ്ട് മുമ്പ് സ്ഥാപിച്ചതാണ് പബ്ലിക് അഫയേഴ്‌സ് സെന്റര്‍. പലവിധ പഠനങ്ങള്‍ നടത്തി ഭരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുക എന്നതാണ് ലക്ഷ്യം. ബിജെപിയേയും എന്‍ഡിഎയേയും അകറ്റി നിര്‍ത്തുന്ന സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നിലെന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല