സ്വന്തം ലേഖകൻ: ഇന്നുരാവിലെ വിനോദസഞ്ചാര വകുപ്പിന്‍റെ ഫെയ്സ്ബുക് ഹാന്‍ഡിലില്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങളിലൂടെ നടക്കുന്ന സ്പൈഡര്‍മാന്‍ താരം ടോം ഹോളണ്ടിന്‍റെയും സെൻഡയയുടെയും ചിത്രങ്ങള്‍ കണ്ട മലയാളികള്‍ അക്ഷരാർഥത്തില്‍ ഒന്ന് ഞെട്ടി! പിന്നീടാണ് ചിലരെങ്കിലും ഇന്നത്തെ തീയതി ഓര്‍ത്തതും ചിത്രം എഡിറ്റ് ചെയ്തതാണെന്നു കണ്ടുപിടിച്ചതും. കഴിഞ്ഞ വര്‍ഷം ബോസ്റ്റണില്‍ വച്ചെടുത്ത ചിത്രമാണ് എഡിറ്റ് ചെയ്ത് ടൂറിസം വകുപ്പ് മൂന്നാറില്‍ എത്തിച്ചത്. അപ്പോഴേക്കും ഫോട്ടോ വൈറലായിരുന്നു.
‘ആരെയാണ് ഞങ്ങള്‍ കണ്ടെത്തിയതെന്ന് നോക്കൂ’ എന്ന എഴുത്തോടെയാണ് ടൂറിസം വകുപ്പിന്റെ പോസ്റ്റ്. സത്യത്തില്‍ താരങ്ങള്‍ രണ്ടുപേരും ഇപ്പോള്‍ ഇന്ത്യയിലുണ്ട്. മൂന്നാറിലോ കേരളത്തിലോ ഇല്ല. മുംബൈയിൽ നിത അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് ടോം ഹോളണ്ടും സെൻഡയും വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്. അവര്‍ കേരളത്തിലെത്തണമെന്ന ആഗ്രഹത്തോടെയാകാം ടൂറിസം വകുപ്പ് പോസ്റ്റിട്ടത്. എന്നാല്‍ കമന്‍റുകളില്‍ വിമര്‍ശനത്തിന്റെ പൂരമായിരുന്നു. തകര്‍പ്പന്‍ ഫോട്ടോ എഡിറ്റിങിനെ പ്രകീര്‍ത്തിച്ചവരുമുണ്ട്.
സ്പൈഡര്‍മാന്‍ പരമ്പരയിലെ ഏറ്റവും പുതിയ സൂപ്പര്‍ താരമാണ് ടോം ഹോളണ്ട്. കഴിഞ്ഞ മൂന്ന് സ്പൈഡര്‍മാന്‍ സിനിമകളിലും പ്രധാനവേഷമിട്ട സെന്‍ഡയ്ക്കൊപ്പമാണ് ടോമിന്റെ വരവ്. വർഷങ്ങളായി ആരാധകരുടെ സുവര്‍ണജോടികളാണ് ഇരുവരും. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതായും സെന്‍ഡയയുടെ വിരലിലെ മോതിരത്തിന്റെ ചിത്രം പങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ‘അൺചാർട്ടഡ്’ എന്ന സിനിമയുടെ പ്രമോഷനിടെ ഹോളണ്ട് ഇന്ത്യയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചിരുന്നു. ‘ഞാൻ ഇന്ത്യയുടെ വലിയ ആരാധകനാണ്, പക്ഷേ ഇന്ത്യയില്‍ പോകാന്‍ തനിക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല, താജ്മഹൽ ഉൾപ്പെടെ ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്’ എന്നായിരുന്നു ഹോളണ്ടിന്റെ പരാമര്‍ശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല