![](https://www.nrimalayalee.com/wp-content/uploads/2020/05/Salary-Ordinance-High-Court.-Kerala.jpg)
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ട്രേഡ് യൂണിയൻ തീവ്രവാദമെന്ന് ഹൈക്കോടതിയുടെ കടുത്ത വിമർശനം. ഇനി കേരളത്തിൽ നോക്കുകൂലി എന്ന വാക്കു കേൾക്കരുതെന്ന കർശന താക്കീതും നൽകി. തൊഴിലാളി യൂണിയൻ അംഗങ്ങളിൽനിന്നു പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം അഞ്ചൽ സ്വദേശി ടി. കെ. സുന്ദരേശൻ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണു പരാമർശം.
നോക്കുകൂലിയുടെ കാര്യത്തിൽ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നു സർക്കാരിനു കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. നോക്കുകൂലി മൂലം കേരളത്തിലേയ്ക്കു വരാൻ നിക്ഷേപകർ ഭയക്കുന്നുണ്ട്. ഈ സാഹചര്യം മാറണം. തൊഴിലുടമ തൊഴിൽ നിരസിച്ചാൽ ചുമട്ടു തൊഴിലാളി ബോർഡിനെ സമീപിക്കകയാണു വേണ്ടത്. അതിനു പ്രതിവിധി അക്രമമല്ല എന്നു വിശദീകരിച്ച കോടതി വിഎസ്എസ്സിയിലേയ്ക്കുള്ള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്ന മുൻ പരാമർശം ആവർത്തിച്ചു.
നേരത്തെയും നോക്കുകൂലി കേസ് പരിഗണിക്കുമ്പോൾ ട്രേഡ് യൂണിയനിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷ വിമർശനം കോടതി ഉയർത്തിയിരുന്നു. മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന നോക്കുകൂലി തർക്കങ്ങളുടെ വാർത്തകൾ നാടിനു പേരുദോഷം ഉണ്ടാക്കുന്നതാണെന്നും ചുമട്ടുതൊഴിലാളി നിയമത്തിലെ തർക്ക പരിഹാര സംവിധാനങ്ങൾ ശക്തമാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
2017ൽ ഹൈക്കോടതി നിരോധിച്ച നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണു കോടതി ഉത്തരവ്. 2018 നു ശേഷം തൊഴിലാളി യൂണിയനുകൾക്കെതിരെ 11 കേസുകൾ റജിസ്റ്റർ ചെയ്തെന്നു സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല