
സ്വന്തം ലേഖകൻ: പേട്ടയിൽനിന്ന് നാടോടി ദമ്പതിമാരുടെ രണ്ടുവയസുകാരിയായ കുഞ്ഞിനെ കാണാതായിട്ട് മണിക്കൂറുകൾ പിന്നിടുന്നു. കുട്ടിക്ക് വേണ്ടി സി.സി.ടി.വികളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. എന്നാൽ, ഇതുവരെ കുട്ടിയുമായി ബന്ധപ്പെട്ട കാര്യമായ സൂചനകളൊന്നും ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിൽ കുട്ടിയുമായി ബന്ധപ്പെട്ടവരോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയാണ് പോലീസ്.
കുട്ടിയുടെ രക്ഷിതാക്കളോടും അടുത്തപ്രദേശത്തുള്ളവരോടും പോലീസ് നിരന്തരം വിവരങ്ങൾ തേടിവരികയാണ്. എന്നാൽ, ഈ മൊഴികളിലൊന്നും തന്നെ വ്യക്തതയില്ലാത്തത് പോലീസിന് പ്രതിസന്ധിസൃഷ്ടിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകൽ നടന്നോ എന്നത് ഉറപ്പിച്ചുപറയാൻ കഴിയില്ലഎന്നാണ് കമ്മീഷണർ നാഗരാജു മാധ്യമങ്ങളോട് പറഞ്ഞത്.
സ്കൂട്ടറിൽ തട്ടിക്കൊണ്ടു പോയി എന്ന് ദമ്പതിമാരുടെ മൂത്ത കുട്ടികളിൽ ഒരാൾ പറയുന്നുണ്ടെങ്കിലും അത് തെളിയിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിക്കാത്തത് പോലീസിനെ സംശയത്തിലാക്കിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ അല്ലാതെ മറ്റ് സാധ്യതകൾകൂടി പരിശോധിക്കാനാണ് പോലീസ് തീരുമാനം. കുട്ടിയുടെ രക്ഷിതാക്കളേയും ഇവരുടെ മൂത്ത കുട്ടിയേയും പോലീസ് വേവ്വേറെ ചോദ്യം ചെയ്തിരുന്നു. ഇരുവരുടേയും മൊഴികളിൽ വ്യക്തത വരുത്താനാണ് ശ്രമം.
സ്കൂട്ടറിൽ കുട്ടിയെ കൊണ്ടുപോയി എന്ന് പറഞ്ഞത് മൂത്ത കുട്ടിയാണ്. എന്നാൽ, ഏറെനേരം കഴിഞ്ഞ് കുട്ടിയെ കാണാനില്ല എന്ന് കുട്ടിയുടെ അച്ഛൻ മനസിലാക്കിയപ്പോഴാണ് മൂത്ത കുട്ടി ഇക്കാര്യം പറയുന്നത്. ഇത് പറയാൻ എന്തുകൊണ്ടാണ് വൈകിയത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കുട്ടിയുടെ പിതാവ് രാത്രിയിൽ മദ്യലഹരിയിലായിരുന്നതുകൊണ്ട് അദ്ദേഹം പറയുന്ന കാര്യങ്ങളിൽ വ്യക്തതയില്ലെന്നും പോലീസ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല