സ്വന്തം ലേഖകന്‍: ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന സിനിമ വിവാദത്തില്‍, നായിക കങ്കണ റണാവത്ത് തിരക്കഥ അടിച്ചു മാറ്റിയതായി സംവിധായകന്‍ കേതന്‍ മേത്ത, മൂന്ന് ദേശീയ അവാര്‍ഡ് നേടിയ കങ്കണ റണാവത്തിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് കേതന്‍ മേത്ത. കങ്കണയെ നായികയാക്കി കേതന്‍ മേത്ത സംവിധാനം ചെയ്യാനിരുന്ന റാണി ഓഫ് ഝാന്‍സി: ദി വാരിയര്‍ ക്യൂന്‍ എന്ന ചിത്രമാണ് വിവാദത്തില്‍ കുടുങ്ങിയത്.
ക്രിസ് സംവിധാനം ചെയ്യുന്ന ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന മണികര്‍ണിക എന്ന ചിത്രത്തിനുവേണ്ടി കങ്കണ തന്റെ തിരക്കഥ ചോര്‍ത്തിയതായി ആരോപിച്ച് കേതന്‍ രംഗത്തുവരികയായിരുന്നു. ബാഹുബലിയുടെയും ബജ്‌രംഗി ഭായ്ജാനും തിരക്കഥ ഒരുക്കിയ കെ.വി.വിജയേന്ദ്ര പ്രസാദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിലും കങ്കണ തന്നെയാണ് നായിക.
ചിത്രത്തിന്റെ പൂജയുടെ ഭാഗമായി കഴിഞ്ഞ ദിവസം കങ്കണ വാരണാസിയിലെത്തി ഗംഗാ ആരതി നടത്തിയിരുന്നു. ഇതിനുശേഷമാണ് കേതന്‍ മേത്ത കങ്കണയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. ഏതാണ്ട് പത്ത് വര്‍ഷത്തെ ഗവേഷണത്തിനുശേഷമാണ് താന്‍ ഝാന്‍സി റാണിയുടെ തിരക്കഥ തയ്യാറാക്കിയതെന്ന് കേതന്‍ മേത്ത പറയുന്നു. 2015 മുതല്‍ കങ്കണയുമായി ഈ ചിത്രത്തിന്റെ തിരക്കഥ ചര്‍ച്ച ചെയ്തുവരുന്നുണ്ട്. ഗവേഷണത്തിലും തിരക്കഥാചര്‍ച്ചയിലുമെല്ലാം കങ്കണയും സജീവമായി പങ്കെടുത്തിരുന്നു.
ഗവേഷണം നടത്തിയതിന്റെ രേഖകളെല്ലാം കങ്കണയെ കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ ഈ സിനിമയുമായി സഹകരിക്കുന്നില്ലെന്ന് കങ്കണ അറിയിച്ചിട്ടില്ല. ക്രിഷിന്റെ മണികര്‍ണികയില്‍ അവര്‍ നായികയാവുന്ന വിവരം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും കേതന്‍ മേത്ത വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.
തന്റെ ചിത്രത്തിന്റെ തിരക്കഥയുടെ വിശദാംശങ്ങള്‍ മുഴുവന്‍ അറിയാവുന്നു ആളെന്ന നിലയില്‍ കങ്കണ അതെല്ലാം പുതിയ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തിട്ടുണ്ടാകുമെന്നു വേണം വിശ്വസിക്കാന്‍. അതുകൊണ്ട് മണികര്‍ണികയുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും കേതന്‍ മേത്ത ആവശ്യപ്പെട്ടു.
ഇംഗ്ലീഷിലും ഹിന്ദിയിലുമായിട്ടാണ് താന്‍ ചിത്രമെടുക്കാന്‍ പദ്ധതിയിട്ടിരുന്നതെന്നും അതു സംബന്ധിച്ച് കങ്കണയുമായി യാതൊരുവിധ അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നില്ലെന്നും മായാ മേംസാഹിബ്, മിര്‍ച്ച് മസലാ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കേതന്‍ മേത്ത പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല