1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2023

സ്വന്തം ലേഖകൻ: യുഎസ് പാര്‍ലമെൻ്റ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ ജനപ്രതിനിധി സഭ വോട്ടെടുപ്പിലൂടെ പുറത്താക്കി. ഫണ്ടിങ് ബില്‍ പാസാക്കുന്നതിലെ ഭിന്നതയെ തുടര്‍ന്നായിരുന്നു മക്കാര്‍ത്തിയെ പുറക്കിയത്. യുഎസ് ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ ഇത്തരത്തില്‍ വോട്ടെടുപ്പിലൂടെ പുറത്താകുന്നത്.

216 പേര്‍ മെക്കാര്‍ത്തിയെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 210പേരാണ് എതിര്‍ത്തത്. എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെയാണ് മെക്കാര്‍ത്തിക്ക് സ്ഥാനനഷ്ടം ഉണ്ടായത്. ഇനി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെവിന്‍ മക്കാര്‍ത്തി വ്യക്തമാക്കി. മക്കാര്‍ത്തിയെ പുറത്താക്കാനുള്ള നോട്ടീസ് നല്‍കിയത് മാറ്റ് ഗെയ്റ്റ്സാണ്.

ഈ വര്‍ഷം ജനുവരിയിലാണ് അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ 55-ാം സ്പീക്കറായി കെവിന്‍ മക്കാര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടത്. നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു മക്കാര്‍ത്തി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 20 വിമത ആംഗങ്ങള്‍ മക്കാര്‍ത്തിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെയാണ് തിരഞ്ഞെടുപ്പ് നാടകീയമായി മാറിയത്.

14 വിമതര്‍ പിന്നീട് നിലപാട് മയപ്പെടുത്തിയതോടെയാണ് മക്കാര്‍ത്തി സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് വിമതനീക്കത്തിന് ചുക്കാന്‍ പിടിച്ച മാറ്റ് ഗേറ്റ്‌സ് മക്കാര്‍ത്തിക്ക് വോട്ട് ചെയ്യാന്‍ വിമത അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

15-ാം റൗണ്ട് വോട്ടെടുപ്പിലായിരുന്നു മക്കാര്‍ത്തിക്ക് വിജയിക്കാനായത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു സ്പീക്കറെ തിരഞ്ഞെടുക്കാന്‍ ഒന്നിലേറെ റൗണ്ട് വോട്ടെടുപ്പ് ആവശ്യമായി വന്നത്. ഭൂരിപക്ഷം ഉണ്ടായിട്ടും സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ അംഗങ്ങളെ ഒരുമിച്ച് നിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അന്നേ തലവേദനയായിരുന്നു. നേരത്തെ വിമതനീക്കത്തിന് നേതൃത്വം നല്‍കിയ മാറ്റ് ഗെയ്റ്റ്‌സ് തന്നെയാണ് മക്കാര്‍ത്തിയെ പുറത്താക്കാനുള്ള നോട്ടീസ് നല്‍കിയത്.

2022 നവംബറില്‍ നടന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിലാണ് 222 സീറ്റോടെ റിപ്പബ്ലിക്കന്മാര്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടിയത്. 2019 മുതല്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്മാരുടെ നേതാവായിരുന്നു മക്കാര്‍ത്തി. ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസി സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു കെവിന്‍ മക്കാര്‍ത്തി സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ശേഷമുള്ള ഉന്നത പദവിയാണ് സ്പീക്കറുടേത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.