മതിയായ അനുമതി ഇല്ലാതെയും പ്രവേശന ഫീസ് വെച്ചും പൊതുപരിപാടിയില്‍ പങ്കെടുത്ത പ്രശസ്ത പിന്നണി ഗായകന്‍ കെ.ജി.മര്‍ക്കോസിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി അറസ്റ്റിലായ മാര്‍ക്കോസിനെ ശനിയാഴ്ച വിട്ടയച്ചു. സംഘാടനകര്‍ മുന്‍കൂര്‍ അനുമതി വാങ്ങാതിരുന്നതാണ് മാര്‍ക്കോസിനു വിനയായത്. ഒരു ദിവസം പോലീസ് കസ്റഡിയില്‍ കഴിഞ്ഞ അദ്ദേഹത്തെ ഞായറാഴ്ച വീണ്ടും ഹാജരാകണമെന്ന ഉപാധിയോടെ ഇന്നലെ വൈകുന്നേരം വിട്ടയയ്ക്കുകയായിരുന്നു.
സൌദി അറേബ്യയിലെ ദമാമില്‍ ഗാനമേള നടത്തുന്നതിനിടെ വെള്ളിയാഴ്ച വൈകുന്നേരമാണു സൌദി പോലീസ്, ഗാനമേള നടക്കുന്ന ഓഡിറ്റോറിയത്തിലെത്തി മാര്‍ക്കോസിനെ കസ്റഡിയിലെടുത്തത്. ഒരു ദിവസം ഖത്തീഫിലെ പോലീസ് കസ്റഡിയില്‍ കഴിഞ്ഞ അദ്ദേഹത്തെ ഇന്നലെ വൈകുന്നേരത്തോടെ ദമാമിലെ മലയാളി സാമൂഹ്യപ്രവര്‍ത്തകരുടെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഇന്നു വീണ്ടും പോലീസ് സ്റേഷനില്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണു താത്കാലിക ജാമ്യം നല്കിയത്. ഇപ്പോള്‍ സൗദിയിലുള്ള കെ.സുധാകരന്‍ എം.പി ഇന്ത്യന്‍ എംബസിയുമായി ബന്ധപെട്ട് സൗദി അധികൃതരോട് കാര്യങ്ങള്‍ വിശദീകരിച്ചതും മാര്‍ക്കോസിന്റെ മോചനം വേഗത്തിലാക്കി.
ദമാമിലെ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷ പരിപാടിയുടെ ഭാഗമായാണു കെ.ജി. മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം ഗാനമേള അവതരിപ്പിക്കാനെത്തിയത്. റിയാദില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുത്തശേഷമാണു മാര്‍ക്കോസും സംഘവും ദമാമിലെത്തിയത്. പരിപാടി നടക്കുന്നതിനിടെ മാര്‍ക്കോസിനെ അന്വേഷിച്ചെത്തിയ പോലീസ് വേദിയില്‍നിന്ന് അദ്ദേഹത്തെ കസ്റഡിയിലെടുക്കുകയായിരുന്നു.
പരിപാടി നടത്തുന്നതിനു സംഘാടകര്‍ മുന്‍കൂട്ടി അനുമതി തേടിയിരുന്നില്ല. തന്റെ നിരപരാധിത്വം സൌദി പോലീസിനു ബോധ്യപ്പെട്ടെന്നും ഇതേത്തുടര്‍ന്നാണു വിട്ടയയ്ക്കാന്‍ തയാറായതെന്നും മാര്‍ക്കോസ് പിന്നീടു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സംഘാടകര്‍ തന്റെ ചിത്രം വച്ചുള്ള പ്രവേശനപാസ് അടിപ്പിച്ചിരുന്നുവെന്നും ഇതാണു പോലീസിനു തെറ്റിദ്ധാരണയ്ക്കു കാരണമായതെന്നും വളരെ മാന്യമായാണ് അവര്‍ പെരുമാറിയതെന്നും മാര്‍ക്കോസ് വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല