1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2018

സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഖാലിദ സിയാ, ഷേഖ് ഹസീന പോര് വഴിത്തിരിവില്‍; അഴിമതി കേസില്‍ ഖാലിദ സിയക്ക് അഞ്ച് വര്‍ഷം തടവ്; ധാക്കയില്‍ സംഘര്‍ഷം. ധാക്കയിലെ പ്രത്യേക കോടതിയാണ് ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ചത്. സിയ ഓര്‍ഫനേജ് ട്രസ്റ്റിലേക്ക് സംഭാവനയായി 2.52 ലക്ഷം യുഎസ് ഡോളര്‍ വിദേശപണം കൈപറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് എഴുപത്തിരണ്ടുകാരിയായ സിയയ്ക്ക് ശിക്ഷ വിധിച്ചത്.

ഇതേ കേസില്‍ സിയയുടെ മകന്‍ താരീഖ് റഹ്മാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് 10 വര്‍ഷത്തെ തടവും കോടതി വിധിച്ചിട്ടുണ്ട്. പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷ കൂടിയാണ് സിയ. സിയ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് അഴിമതി വിരുദ്ധ കമ്മീഷന്‍ കണ്ടെത്തിയത്. ട്രസ്റ്റ് വെറും കടലാസ് സംഘടനയാണെന്നും ട്രസ്റ്റിന്റെ പേരില്‍ സിയ അനധികൃതമായി പണം സമ്പാദിച്ചെന്നും കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാജ്യദ്രോഹം, അഴിമതി എന്നിവ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഖാലിദ.

1991ല്‍ ബംഗ്ലാദേശില്‍ അധികാരത്തെത്തിയപ്പോള്‍ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി മാറി ഖാലിദ സിയ. പാകിസ്താന്‍ പ്രധാനമന്ത്രിയായി ബേനസീര്‍ ഭൂട്ടോയ്ക്ക് ശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ വനിതയാണ് ഖാലിദ സിയ. ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഖാലിദ സിയ ഉള്‍പ്പെട്ടിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.