സ്വന്തം ലേഖകന്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഔദ്യോഗിക വിരുന്നില്‍ ഖലിസ്ഥാന്‍ പ്രവര്‍ത്തകന് ക്ഷണം; വിവാദം ഭയന്ന് വിരുന്ന് റദ്ദാക്കി. ഖലിസ്ഥാന്‍ പ്രവര്‍ത്തകനായ ജസ്പാല്‍ അത്‌വാളിനാണ് വിരുന്നിലേക്കു ക്ഷണം കിട്ടിയത്. മാത്രമല്ല, അത്‌വാള്‍ ട്രൂഡോയുടെ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. പ്രമുഖ ഇന്തോ കനേഡിയന്‍ വ്യവസായിയാണു ജസ്പാല്‍ അത്‌വാള്‍.
സംഭവത്തില്‍ ഇന്ത്യയുടെ അതൃപ്തി പരിഗണിച്ചാണ് വിരുന്നു തന്നെ റദ്ദാക്കാന്‍ കാനഡ അധികൃതര്‍ തീരുമാനിച്ചതെന്നാണ് സൂചന. അത്‌വാളിനെ ഇത്തരമൊരു പരിപാടിക്ക് ഒരിക്കലും ക്ഷണിക്കരുതായിരുന്നുവെന്ന് ജസ്റ്റിന്‍ ട്രൂഡോയുടെ ഓഫിസ് അറിയിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് ഓഫിസിനെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കാനഡയുടെ ഇന്ത്യയിലെ ഹൈക്കമ്മിഷണര്‍ നാദിര്‍ പട്ടേലിന്റെ പേരിലാണ് അത്‌വാളിനുള്ള ക്ഷണക്കത്തു പോയിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ ഹൈക്കമ്മിഷണറുടെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചിരുന്നത്. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആദ്യം വിസമ്മതിച്ചു. ഇതെങ്ങനെ സംഭവിച്ചുവെന്നു കണ്ടെത്തേണ്ടതുണ്ടെന്നു പിന്നീടു വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
1986 ല്‍ അകാലിദള്‍ നേതാവ് മല്‍കിയത്ത് സിങ് സിദ്ദുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് അത്‌വാള്‍. കാനഡയിലെ വാന്‍കൂവര്‍ ദ്വീപില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ സിദ്ദുവിനെ അത്‌വാള്‍ ഉള്‍പ്പെടെ മൂന്നുപേരാണ് ആക്രമിച്ചത്. പഞ്ചാബ് മന്ത്രിസഭയിലെ അംഗമായിരുന്നു സിദ്ദു അപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല