സ്വന്തം ലേഖകൻ: ഞ്ചാബ് മുഖ്യമന്ത്രിയേയും പോലീസിനേയും വീഡിയോ സന്ദേശത്തിലൂടെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന വാരിസ് പഞ്ചാബ് ദേ നേതാവും ഖലിസ്താന്‍ വാദിയുമായ അമൃത്പാല്‍ സിങ്. പഞ്ചാബിലെത്തി പോലീസിന് മുന്നില്‍ അമൃത്പാല്‍ കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വീഡിയോ പുറത്തുവന്നത്.
പഞ്ചാബിനെ രക്ഷിക്കാന്‍ വിവിധ സിഖ് സംഘടനകളോട് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവിട്ടത്. സംഘടനകളുടെ യോഗം വിളിക്കണമെന്നും അമൃത്പാല്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഭഗവന്ത് സിങിനെയും പോലീസിനെയും വീഡിയോ സന്ദേശത്തിലൂടെ വെല്ലുവിളിക്കുന്നുമുണ്ട്. തന്നെ അറസ്റ്റു ചെയ്യാന്‍ പോലീസിനു താത്പര്യമില്ലായിരുന്നുവെന്നും പോലീസ് വീട്ടിലെത്തിയിരുന്നെങ്കില്‍ കീഴടങ്ങുമായിരുന്നുവെന്നുമാണ് അമൃത്പാല്‍ സിങിന്റെ വാദം.
അമൃത്പാല്‍ പഞ്ചാബിലെത്തിയെന്നും താമസിയാതെ പോലീസില്‍ കീഴടങ്ങിയേക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമമായ ഇന്ത്യാടുഡേ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചൊവ്വാഴ്ച അമൃത്സറിലെത്താന്‍ ഇയാള്‍ ശ്രമം നടത്തുന്നതായി പോലീസിനു സൂചന ലഭിച്ചിരുന്നു. എന്നാല്‍ രാത്രിയോടെ വീണ്ടും പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു.
കഴിഞ്ഞ പത്തു ദിവസങ്ങളായി അമൃത്പാലിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇയാളുടെ സഹായികള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരിലുണ്ടെന്ന സൂചനയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതുവരെ അമൃത്പാലിന്റെ സഹായികളായ നൂറോളം പേര്‍ പോലീസിന്റെ പിടിയിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല