സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിച്ചെന്ന് ആരോപിച്ച് ഇരുപത്തിയെട്ടുകാരിയായ യുവതിയെ ജനക്കൂട്ടം തല്ലിക്കൊല്ലുന്നത് നോക്കിനിന്ന പോലീസുകാര്‍ക്ക് തടവുശിക്ഷ. സംഭവ സ്ഥലത്തുണ്ടായിരുന്നു പതിനൊന്ന് പോലീസുകാര്‍ക്കാണ് ഒരു വര്‍ഷം വീതം തടവു ശിക്ഷ ലഭിച്ചത്.
ഫര്‍ഖുന്ത എന്ന യുവതിയെയാണ് പൊലീസുകാരുടെ മുന്നില്‍ വച്ച് ജനക്കൂട്ടം തല്ലിക്കൊന്നത്. കേസില്‍ എട്ട് പൊലീസുകാരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടു. നേരത്തെ കേസിലെ നാലു പ്രതികള്‍ക്ക് വധശിക്ഷയും എട്ടു പ്രതികള്‍ക്ക് പതിനാറ് വര്‍ഷം തടവും കോടതി വിധിച്ചിരുന്നു. തെളിവില്ലാത്തതിന്റെ പേരില്‍ 18 പേരെ വെറുതെ വിടുകയുമുണ്ടായി.
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് യുവതിയെ അതിക്രൂരമായി ജനക്കൂട്ടം അടിച്ചു കൊന്നത്. പിന്നീട് യുവതി ഖുറാന്‍ കത്തിച്ചിട്ടില്ലെന്ണ് തെളിഞ്ഞു. സംഭവത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളെപ്പറ്റി ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
യുവതിയുടെ അവസാന നിമിഷങ്ങള്‍ ആക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഈ ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല