സ്വന്തം ലേഖകൻ: ചെറിയ പ്രായത്തിൽ തന്നെ ഡിജിറ്റൽ യുഗത്തിന്റെയും യൂ ട്യൂബിന്റെയും അനന്ത സാധ്യതകൾ മനസിലാക്കി അത് ഉപയോഗിക്കുന്നയാളാണ് കൊച്ചി സ്വദേശിയായ ഒമ്പതുകാരൻ നിഹാൽ രാജ്. കിച്ച ട്യൂബ് എന്നാണ് കിച്ച എന്ന നിഹാൽ നടത്തുന്ന യൂട്യൂബ് ചാനലിന്റെ പേരും. ഭക്ഷണ കുറിപ്പുകളും അതിന്റെ അവതരണവുമായി യൂ ട്യൂബിൽ നിറഞ്ഞ നിൽക്കുന്ന ഈ കുട്ടിതാരം ഇതിനോടകം നിരവധി നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
മിക്കി മൗസ് മാങ്കോ ഐസ്ക്രീം എന്ന സ്വന്തം റെസിപ്പീയിലൂടെ ഫെയ്സ്ബുക്കിൽ റെക്കോർഡ് വ്യൂസ് നേടിയ കിച്ചയുടെ വീഡിയോയ്ക്ക് പിന്നാലെ ലോക മാധ്യമങ്ങളുടെ ശ്രദ്ധയും ഈ കൊച്ചിക്കാരൻ ബാലനെ തേടിയെത്തി. അമേരിക്കയിലെ പ്രശസ്ത എലൻ ഡെജനറസിന്റെ ഷോയിലും ഒടുവിൽ കിച്ച പങ്കെടുത്തിരുന്നു. എലനു വേണ്ടി കേരളത്തിന്റെ തനത് ഭക്ഷണമായ പുട്ടായിരുന്നു കിച്ച ഉണ്ടാക്കിയത്. എലന്റെ പരിപാടിയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായിരുന്നു നിഹാൽ.
എലൻ ഡെജനറസ് ഷോയിലെ മൂന്ന് വർഷം മുമ്പുള്ള നിഹാലിന്റെ എപ്പിസോഡ് വീണ്ടും യൂ ട്യൂബിലും സമൂഹമാധ്യമങ്ങളിലും ട്രെണ്ടിങ്ങാവുകയാണ്. മലയാളിയുടെ പുട്ടും പുട്ട് കുറ്റിയും ലോകശ്രദ്ധയിലെത്തിച്ച പരിപാടിയായിരുന്നു അത്. പരിപാടിയോടെ പുട്ട് കുട്ടിയെന്ന പേരും നിഹാലിന് കിട്ടി. നിരവധി ആരാധകരാണ് നിഹാലിന് യൂട്യൂബിലുള്ളത്. 37000 ഫോളോവേഴ്സാണ് കിച്ചയ്ക്ക് യൂട്യൂബിലുള്ളത്. 210ലധികം വീഡിയോകൾ ഇതിനോടകം നിഹാലിന്റെ കിച്ച ട്യൂബിലെത്തി കഴിഞ്ഞു.
യു.കെയിലെ ലിറ്റിൽ ബിഗ് ഷോട്സ് എന്ന പരിപാടിയിലും നിഹാലിന് ക്ഷണം ലഭിച്ചിരുന്നു. ലോകത്തിന്രെ പല കോണിൽ നിന്നും വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന കുട്ടികൾ പങ്കെടുക്കുന്ന പരിപാടിയാണിത്. ഈ പരിപാടിയിലും പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന നേട്ടവും നിഹാൽ സ്വന്തമാക്കി. നിരവധി പുരസ്കാരങ്ങളും ഈ കൊച്ചു മിടുക്കനെ തേടിയെത്തി.
നിഹാലിന്റെ ഡിജനറസിനോടൊപ്പമുള്ള ഷോ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല