സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. ചാട്‌സ്‌വര്‍ത്തില്‍നിന്നുള്ള നാലാം ക്ലാസ് വിദ്യാര്‍ഥിയായ സാദിയ സുഖ്‌രാജിനെയാണ് അജ്ഞാതരായ അക്രമികള്‍ കാര്‍ ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. അച്ഛനോടൊപ്പം സ്‌കൂളിലേക്ക് പോകവെയാണ് ഒമ്പതു വയസ്സുകാരിയായ സാദിയക്കെതിരെ ആക്രമണമുണ്ടായത്.
ആയുധധാരികളായ മൂന്നുപേര്‍ അച്ഛനെ കാറില്‍നിന്നും വലിച്ച് പുറത്തിട്ട് സാദിയെയും കൊണ്ട് ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടര്‍ന്ന നാട്ടുകാരും അക്രമികളും തമ്മില്‍ വെടിവെപ്പുണ്ടായി. കാര്‍ പിന്നീട് പാര്‍ക്കില്‍ ഇടിച്ച് നിന്നെങ്കിലും വെടിയേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായിരുന്നു. അക്രമികളില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. മറ്റൊരാളെ പൊലീസ് പിടികൂടി. മൂന്നാമത്തെ പ്രതി രക്ഷപ്പെട്ടു.
സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 3000 ത്തോളം വരുന്ന രോഷാകുലരായ ജനക്കൂട്ടം പൊലീസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. പ്രകടനങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഡര്‍ബനില്‍ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ചാട്‌സ്‌വര്‍ത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല