ദൂരപരിധി ലംഘിച്ച് അമിതവേഗത്തില്‍ വണ്ടിയോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.സ്പീഡ് ക്യാമറയില്‍ പിടിക്കപ്പെടുന്ന നിങ്ങള്‍ക്കിനി ലൈസന്‍സിലെ പോയിന്‍റു പോകുമെന്നും ഫൈന്‍ അടയ്ക്കേണ്ടി വരുമെന്നുമുള്ള ഭീതി വേണ്ട.അതിനു ശേഷമുള്ള ഇന്‍ഷുറന്‍സ് വര്‍ധനയെക്കുറിച്ചുള്ള വേവലാതിയും വേണ്ട.ഒരു നിബന്ധന മാത്രം;കുട്ടികളുടെ കോടതിയിലെ വിചാരണയ്ക്ക് വിധേയെരാവേണ്ടി വരും.
ഒട്ടേറെ മലയാളികള്‍ താമസിക്കുന്ന ലിവര്‍പൂളിനടുത്തുള്ള വിരാല്‍ എന്ന സ്ഥലത്താണ് ഇത്തരത്തില്‍ ഒരു പുതിയ പരിഷ്ക്കാരം കൊണ്ട് വന്നിരിക്കുന്നത്.ഇവിടുത്തെ ഗ്രീസ്ബി സ്കൂളിന് പുറത്തുള്ള റോഡിലെ സ്പീഡ് ലിമിറ്റ് 30 മൈലാണ്.സ്കൂളിനോട് ചേര്‍ന്ന് ഒരു സ്പീഡ് ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.വേഗപരിധി ലംഘിച്ച് ഈ ക്യാമറയില്‍ പിടിക്കപ്പെടുന്നവര്‍ക്ക് രണ്ട് ഓപ്ഷന്‍ നല്‍കും.ഒന്നുകില്‍ ലൈസന്‍സിലെ പോയിന്‍റും ഫൈനും കൊണ്ട് തൃപ്തിപ്പെടാം.അല്ലങ്കില്‍ ഗ്രീസ്ബി സ്കൂളിലെ കുട്ടികളുടെ കോടതിയിലെ വിചാരണയ്ക്ക് വിധേയരാവാം.
പുതിയ പരിഷ്ക്കാരം വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ പിടിക്കപ്പെട്ടത് ഒന്‍പതു ഡ്രൈവര്‍മാരാണ്.അതില്‍ മൂന്നുപേര്‍ ലൈസന്‍സിലെ പോയിന്‍റും ഫൈനും തിരഞ്ഞെടുത്തപ്പോള്‍ ആറുപേര്‍ കുട്ടികളുടെ കോടതിയെ അഭിമുഖീകരിക്കാന്‍ തയ്യാറായി.അമിത വേഗം ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുതിര്‍ന്നവരെ ഉപദേശിക്കുകയാണ് കുട്ടികള്‍ ചെയ്യുന്നത്.30 മൈല്‍ സ്പീഡ് ഉള്ള വാഹനമിടിച്ചാല്‍ ജീവിക്കാനുള്ള സാധ്യത 80 ശതമാനമാണെന്നും 40 മൈല്‍ സ്പീഡ് ഉള്ള വാഹനമിടിച്ചാല്‍ മരിക്കാനുള്ള സാധ്യത 80 ശതമാനമാണെന്നും കുട്ടികള്‍ മുതിര്‍ന്ന ഡ്രൈവര്‍മാരെ ഓര്‍മപ്പെടുത്തുന്നു.എന്തായാലും ഈ കുട്ടി ഉപദേശങ്ങള്‍ കേട്ട ഒരു ഡ്രൈവര്‍ കുട്ടിക്കോടതിയില്‍ പോട്ടിക്കരഞ്ഞുവെന്നാണ് കൌണ്‍സില്‍ അധികൃതര്‍ പറയുന്നത്.
ഈ പരിഷ്ക്കാരം നിലനില്‍ക്കണമെന്നും യു കെയില്‍ ആകമാനം നടപ്പിലാക്കണമെന്നും നമ്മളില്‍ പലരും കരുതുന്നുണ്ടാവുമല്ലേ.ആ ആഗ്രഹം മനസിലിരിക്കട്ടെ എന്നാണ് വിരാല്‍ കൌണ്‍സില്‍ അധികൃതര്‍ പറയുന്നത്.റോഡ് സുരക്ഷാ വാരം പ്രമാണിച്ച് ഈ മാസം 27 വരെ മാത്രമായിരിക്കും ഈ കുട്ടിക്കോടതി പരിഷ്ക്കാരം നിലവില്‍ ഉണ്ടാവുക.അതിനു ശേഷം പിടിക്കപ്പെടുന്നവര്‍ക്ക് പഴയ പോയിന്‍റും ഫൈനും തന്നെ ശരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല