സ്വന്തം ലേഖകന്‍: രോഗിയെ കൊന്നു കളയാന്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ആഗ്രയിലെ ഡോക്ടറുടെ ശബ്ദരേഖ പുറത്ത്. ആഗ്രയിലെ എസ്എന്‍ മെഡിക്കല്‍ കോളേജില്‍ ക്ഷയരാഗിയായ 18 കാരന്‍ മുകേഷ് പ്രജാപതിയെ അള്‍സര്‍ മൂര്‍ച്ഛിച്ച് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇയാളെ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുകയും പിന്നീട് മുകേഷ് മരിക്കുകയും ചെയ്തു. ഇയാളുടെ പിതാവായ ടീകം പ്രാജപതിയാണ് ശബ്ദരേഖ പുറത്തുവിട്ടത്.
‘അഡ്മിറ്റ് ചെയ്‌തോളൂ പക്ഷേ കൊന്നു കളഞ്ഞേക്കണം’ എന്നാണ് ഡോക്ടര്‍ നിര്‍ദേശിക്കുന്നത്. സര്‍ജറി വിഭാഗത്തിലോ മെഡിസിന്‍ വിഭാഗത്തിലോ അഡ്മിറ്റ് ചെയ്യൂ. പിന്നീട് കൊന്നു കളഞ്ഞേക്കണം. രക്തം നല്‍കണമെന്ന് എഴുതണമെന്നും സീനിയര്‍ ഡോക്ടര്‍ തന്റെ സഹപ്രവര്‍ത്തകന് നിര്‍ദേശം നല്‍കിയതായാണ് ശബ്ദരേഖയില്‍ നിന്ന് വ്യക്തമാകുന്നത്. കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം മുകേഷ് മരിച്ചു. തെറ്റായ മരുന്ന് കുത്തിവെച്ച് ഡോക്ടര്‍മാര്‍ തന്റെ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കി.
എന്നാല്‍ രോഗിയെ എത്രയും പെട്ടെന്ന് പ്രവേശിപ്പിക്കാനാണ് താന്‍ ആവശ്യപ്പെട്ടെന്നും ശബ്ദരേഖ എഡിറ്റ് ചെയ്തതും കൃത്രിമം നടത്തിയതുമാണെന്ന് സീനിയര്‍ ഡോക്ടര്‍ പ്രതികരിച്ചു. മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖ വിവാദമായതോടെ സംഭവത്തേക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല