1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2017

 

സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനെ രണ്ടു യുവതികള്‍ വിഷസൂചികള്‍ കുത്തിവച്ച് കൊലപ്പെടുത്തി. 45 കാരനായ കിം ജോങ് നാമിനെയാണ് മലേഷ്യയിലെ ക്വാലലംപുര്‍ വിമാനത്താവളത്തില്‍വച്ച് ഉത്തര കൊറിയയുടെ ചാരസംഘടനയിലെ രണ്ടു യുവതികള്‍ വിഷസൂചികള്‍ ഉപയോഗിച്ചു തിങ്കളാഴ്ച കൊലപ്പെടുത്തിയത്.

കൃത്യത്തിനു ശേഷം രണ്ടു യുവതികളും ടാക്‌സിയില്‍ രക്ഷപ്പെട്ടതായും ദക്ഷിണ കൊറിയയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, നാമിന്റെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ അവശനിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ലെന്നാണ് മലേഷ്യന്‍ പൊലീസ് വ്യക്തമാക്കിയത്.

ഉത്തര കൊറിയന്‍ ഏകാധിപതിയായിരുന്ന അന്തരിച്ച കിം ജോങ് ഇല്ലിന്റെ മൂത്ത മകനാണു കിം ജോങ് നാം. അനന്തരാവകാശിയാകുമെന്ന് ഒരിക്കല്‍ കരുതിയിരുന്നുവെങ്കിലും 2001ല്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ജപ്പാനില്‍ പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദത്തോടെ രാജ്യത്തിനു പുറത്തായി. പിതാവിന്റെ മരണശേഷം നാമിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് ഉന്‍ 2011 ഡിസംബറിലാണ് ഉത്തര കൊറിയയുടെ ഭരണാധികാരിയായത്.

നാമുമായി അടുപ്പത്തിലായിരുന്ന അമ്മാവന്‍ ചാങ് സോങ് തേയിയെ 2013 ഡിസംബറില്‍ കിം ജോങ് ഉന്‍ വഞ്ചനാക്കുറ്റം ചുമത്തി വധിച്ചിരുന്നു.
ഉത്തര കൊറിയന്‍ ഭരണകൂടവുമായി അകന്ന നാം ചൈനയുടെ പ്രവിശ്യയായ മക്കാവുവില്‍ പ്രവാസത്തിലായിരുന്നു.റഷ്യയിലും സ്വിറ്റ്‌സര്‍ലന്‍ഡിലും പഠിച്ച നാമിനെ പിതാവ് കിം ജോംഗ് ഇല്‍ ഉത്തരകൊറിയയുടെ ഐടി മേഖലയുടെ മേധാവിയാക്കിയതാണ്.

എന്നാല്‍ ഡോമിനിക്കന്‍ റിപ്പബ്‌ളിക്കിന്റെ വ്യാജ പാസ്‌പോര്‍ട്ടില്‍ ജപ്പാന്‍ സന്ദര്‍ശനത്തിനു പോയതാണ് നാമിനു വിനയായത്. നരിത വിമാനത്താവളത്തില്‍ അറസ്റ്റിലായ അദ്ദേഹത്തെ ഉത്തരകൊറിയന്‍ ഭരണകൂടം കൈവിട്ടു. തുടര്‍ന്നാണ് ചൈനയിലെ മക്കാവുവില്‍ അഭയം തേടിയത്.

2011 ഡിസംബറില്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് സഹോദരന്‍ കിം ജോംഗ് ഉന്‍ ഉത്തരകൊറിയന്‍ പ്രസിഡന്റായി ചുമതലയേറ്റതോടെ നാമിന്റെ നിലനില്പ് തന്നെ അപകടത്തിലായി. ജോംഗ് ഉന്നിനു ചുമതലാബോധമില്ലെന്നും അഴിമതിയും കൈക്കൂലിയും ഉത്തര കൊറിയയെ തകര്‍ക്കുമെന്നും നാം ഒരു ജാപ്പനീസ് പത്രത്തോടു പറഞ്ഞു. മൂന്നു തലമുറകളായി ഒരു കുടുംബം തന്നെ അധികാരം കൈയടക്കുന്നതു ചിന്താശക്തിയുള്ള മനുഷ്യര്‍ക്കു ദഹിക്കില്ലെന്നു 2012ല്‍ നാം ഒരു റിപ്പോര്‍ട്ടറോടും തുറന്നടിച്ചിരുന്നു.

ഇതൊക്ക നാമിനെ ശത്രുവായി കാണാന്‍ ഉത്തരകൊറിയന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചിരിക്കാമെന്നാണ് സൂചന. നാമിനു നേര്‍ക്ക് ഇതിനുമുന്പും വധശ്രമമുണ്ടായിട്ടുണ്ട്. ചൈനയില്‍ വച്ചു കാറിടിച്ച് നാമിനെ കൊല്ലാന്‍ ശ്രമം നടന്നിരുന്നു. രാജ്യാന്തര ഉപരോധം അവഗണിച്ച് അണ്വായുധ–മിസൈല്‍ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയയില്‍ രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും വധശിക്ഷയ്ക്കു വിധിക്കുന്നതു പതിവാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.